ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ (തെഹ്രിക് ഇ ഇൻസാഫ്) 266 സീറ്റിൽ 154 സീറ്റിൽ ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്. ഫലപ്രഖ്യാപനം വന്നതിൽ പിടിഐ അഞ്ച് സീറ്റിലും പിഎംഎൽ-എൻ (പാക്കിസ്ഥാൻ മുസ് ലിം ലീഗ്-നവാസ്) നാലിടത്തും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മൂന്നിടത്തും വിജയിച്ചു. പാക് ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
പ്രതീക്ഷകളെല്ലാം കാറ്റില്‍പ്പറത്തി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയെ (പിഎംഎല്‍-എന്‍) ഏറെ പിന്നിലാക്കിയാണ് പിടിഐയുടെ മുന്നേറ്റം. സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള കേസുമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാന്റെ പാര്‍ട്ടി അപ്രതീക്ഷിത മുന്നേറ്റമാണു നടത്തുന്നത്. “പിടിഐ വൻ വിജയം നേടും. രാജ്യത്തു വീണ്ടും പിടിഐ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് ഇമ്രാന് ഖാൻ’ പിടിഐയിലെ മുതിര്‍ന്ന നേതാവ് ബാരിസ്റ്റർ ഗോഹർ അലി ഖാന് പറഞ്ഞു.
അതേസമയം, വോട്ടെണ്ണൽ ഫലം വൈകുന്നത് ആശങ്കയുണർത്തുന്നു. അസാധാരണമായ കാലതാമസമാണു ഫലവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. വ്യാപക അക്രമങ്ങൾ അരങ്ങേറുന്നതായാണ് റിപ്പോർട്ട്. പിടിഐ പ്രവർത്തകർ തെരുവിൽ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 5,121 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിച്ചത്. 12.85 കോടി വോട്ടര്‍മാർ സമ്മതിദായക അവകാശം രേഖപ്പെടുത്തി.