ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ നവാസ് ഷരീഫിന്റെ പിഎംഎൽ-എന്നും ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിയും ചേർന്ന് സർക്കാർ രൂപീകണത്തിനു വഴിതെളിഞ്ഞു. നവാസ് നാലാംവട്ടം പ്രധാനമന്ത്രിയാകുമെന്നാണു സൂചനകൾ.
ഏറ്റവും കൂടുതൽ സീറ്റ് നേടിയെങ്കിലും സർക്കാർ രൂപീകരണത്തിനില്ലെന്നു പിടിഐ നേതാവ് ഗോഹർ അലി ഖാൻ ഇന്നലെ അറിയിക്കുകയായിരുന്നു.
നവാസിന്റെയും ബിലാവലിന്റെയും പാർട്ടി നേതാക്കൾ സഖ്യകക്ഷി സർക്കാരിനുള്ള ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്. അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച അവകാശവാദങ്ങളും തർക്കങ്ങളും പറഞ്ഞുതീർക്കുകയാണു ലക്ഷ്യം.
നവാസിനു പ്രധാനമന്ത്രിപദം നല്കുന്ന ഫോർമുല സജീവമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബിലാവലിന്റെ പിപിപിക്ക് പ്രസിഡന്റ് പദവിയും എംക്യുഎം-പി പോലുള്ള ചെറുകിട പാർട്ടികൾക്ക് സ്പീക്കർപദവിയും ലഭിക്കാം. അഞ്ചുവർഷ ഭരണത്തിലെ ആദ്യ മൂന്നു വർഷം നവാസും പിന്നീട് ബിലാവലും പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഫോർമുലയും ചർച്ചകളിൽ സജീവമാണ്.
ഇതിനിടെ ഇമ്രാൻ പക്ഷക്കാരനടക്കം ആറു സ്വതന്ത്രർ നവാസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ തെരഞ്ഞെടുപ്പിൽ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ച് 93 സീറ്റുകളാണു നേടിയത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിരോധനം മറികടക്കാനാണു സ്വതന്ത്രരായി മത്സരിക്കേണ്ടിവന്നത്. സൈന്യത്തിന്റെ പിന്തുണയുള്ള നവാസിന്റെ പിഎംഎൽ-എന്നിന് 75ഉം ബിലാവലിന്റെ പിപിപിക്ക് 54ഉം സീറ്റുകൾ ലഭിച്ചു.
336 അംഗ ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന 70 സംവരണ സീറ്റുകൾ (60 എണ്ണം വനിതകൾക്കും പത്തെണ്ണം ന്യൂനപക്ഷത്തിനും) വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചു നല്കും. സ്വതന്ത്രരായി മത്സരിച്ചതിനാൽ ഇമ്രാന്റെ പാർട്ടിക്കാർക്ക് ഈ സീറ്റുകൾ ലഭിക്കില്ല.