ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചരിത്രത്തിലാദ്യമായി ഹിന്ദു സ്ത്രീ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുണര്‍ ജില്ലയിലാണ് ഡോ. സവീര പര്‍കാശ് എന്ന യുവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിൽ ജനറൽ സീറ്റിലേക്കാണ് സവീര മത്സരിക്കുന്നത്.
16-ാമത് ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2024 ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബുണര്‍ പാക്കിസ്ഥാന്റെ ഭാഗമായി 55 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
സവീറയുടെ പിതാവ് ഡോ. ഓം പര്‍കാശ് 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്. അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽ നിന്ന് 2022-ൽ ബിരുദം നേടിയ സവീര, ബുണറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾക്കായി വാദിക്കാനുമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് സവീര പറഞ്ഞു.
പ്രദേശത്തെ അധഃസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്റെ പിതാവിന്റെ പാത പിന്തുടരാനാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ വരുത്തിയ ഭേദഗതികൾ പ്രകാരം ജനറൽ സീറ്റുകളിൽ അഞ്ച് ശതമാനം വനിതാ സ്ഥാനാർഥികൾക്കായി മാറ്റിവയ്ക്കേണ്ടതാണ്.