ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തൂക്കു മന്ത്രിസഭ. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 97 സീറ്റുകളുമായി ഇമ്രാന് ഖാന്റെ പിടിഐ സ്വതന്ത്രർ ഏറ്റവും വലിയ ഒറ്റക്കക്ഷി. വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി.
നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ 72 സീറ്റുകളില്‍ വിജയിച്ചു. ബിലാവല്‍ ഭൂട്ടോയുടെ പിപിപിയ്ക്ക് 52 സീറ്റുകളും ലഭിച്ചു. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. സര്‍ക്കാരുണ്ടാക്കാന്‍ ആരുമായും സഖ്യത്തിന് തയാറെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. എന്നാല്‍, ഇമ്രാന്റെ സ്വതന്ത്രരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. നവാസിനെ പ്രധാനമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാന്‍ തയാറല്ലെന്ന് പിപിപി അറിയിച്ചു.