ഇസ്ലാമാബാദ്: വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ പിഎംഎൽ-എൻ ജയിച്ചാൽ ലണ്ടനിൽ പ്രവാസത്തിൽ കഴിയുന്ന ജ്യേഷ്ഠൻ നവാസ് ഷെരീഫ് ആയിരിക്കും പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയെന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്.
ഏതാനും അഴ്ചകൾക്കുള്ളിൽ നവാസ് പാക്കിസ്ഥാനിൽ മടങ്ങിയെത്തുമെന്നും ടിവി ചാനൽ അഭിമുഖത്തിൽ ഷഹ്ബാസ് അറിയിച്ചു.
മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ ചികിത്സയ്ക്കായി ലണ്ടനിൽ പോയശേഷം മടങ്ങാതിരിക്കുകയായിരുന്നു.
അദ്ദേഹം ആജീവനാന്ത കാലത്തേക്കു പൊതുപദവികൾ വഹിക്കുന്നതു സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ഇതു മറികടക്കാനുള്ള നീക്കങ്ങൾ ഷഹ്ബാസ് ഷരീഫ് ഭരണകൂടം കൈക്കൊണ്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.