ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫ് നാലാം വട്ടം പ്രധാനമന്ത്രിയാകുമെന്ന് ഏതാണ്ടുറപ്പായി. പിഎംഎൽ-എൻ പാർട്ടിക്കു പ്രധാനമന്ത്രിപദം ലഭിക്കുന്നതിനെ പിന്താങ്ങുമെന്ന് പിപിപി നേതാവ് ബിലാവൽ സർദാരി ഭൂട്ടോ അറിയിച്ചു. അതേസമയം സർക്കാരിൽ പിപിപി ചേരില്ല. പുറത്തുനിന്നുള്ള പിന്തുണയായിരിക്കും.
എട്ടാം തീയതിയിലെ പൊതുതെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കൂട്ടുകക്ഷി സർക്കാരിനുള്ള ചർച്ചകൾ ഊർജിതാവസ്ഥയിലാണ്. പട്ടാളത്തിന്റെ പിന്തുണയുള്ള നവാസിനാണ് കൂടുതൽ സാധ്യത.
ഇന്നലെ പിപിപിയുടെ ഉന്നതതല യോഗത്തിനു ശേഷമാണ് ബിലാവൽ ഭൂട്ടോ നിലപാടുകൾ അറിയിച്ചത്. ജനവധി പിപിക്ക് അനുകൂലമല്ലാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയാകാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയുമായി സഖ്യകക്ഷി സർക്കാരിനു ശ്രമിച്ചെങ്കിലും അവർ താത്പര്യം പ്രകടിപ്പിച്ചില്ല. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്താനാണ് നവാസിന്റെ പിഎംഎൽ-എന്നിനു പിന്തുണ നല്കുന്നതെന്നും ബിലാവൽ അറിയിച്ചു.