കറാച്ചി: പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പാകിസ്ഥാനി രൂപ കൂപ്പുകുത്തിയിരിക്കുകയാണ്. പാകിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്ത് 100ാം ദിവസമാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ 143 ആണ് വെള്ളിയാഴ്ച പാക്ക് രൂപയുടെ മൂല്യം. അധികാരമേറ്റതു മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ ഇമ്രാന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
എന്നാല്‍ ഇമ്രാന്റെയും ധനമന്ത്രി ആസാദ് ഉമറിന്റെയും സാമ്പത്തീക പദ്ധതികളില്‍ പ്രതീക്ഷ നഷ്ടപെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ വ്യവസായികള്‍. കഴിഞ്ഞ ആഴ്ച രാജ്യാന്തര നാണ്യനിധിയുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു ശാശ്വത നടപടികള്‍ സ്വീകരിക്കാത്തതില്‍ ഇമ്രാന് ഖാനെതിരെയും ധനമന്ത്രി ആസാദ് ഉമര്‍ ലേയ്ഡിനെതിരെയും വ്യവസായ പ്രമുഖര്‍ അടക്കം രംഗത്തെത്തി.
നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ഇമ്രാന് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാരിന്റെ കൈവശമുള്ള ആഢംബര വാഹനങ്ങള്‍ ലേലം ചെയ്യുക, സുഹൃത് രാജ്യങ്ങളില്‍നിന്നു വായ്പ വാങ്ങുക അടക്കമുള്ളവയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍, അധികാരത്തില്‍ എത്തി 100 ദിവസം പിന്നിട്ടിട്ടും ഇതൊന്നും നടപ്പാക്കാന്‍ ഇമ്രാന് സാധിക്കാതെ വന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്. നാണയപ്പെരുപ്പം പ്രതികൂലമായി ബാധിച്ചതിനാല്‍ ഈ വര്‍ഷമാരംഭം മുതല്‍ പാക്കിസ്ഥാന് രൂപയുടെ മൂല്യം മൂന്നിലൊന്നായി കുറഞ്ഞിരുന്നു. കരുതല്‍ധനം 40 ശതമാനമായി കുറഞ്ഞതും തിരിച്ചടിയായി.
ഒക്ടോബറില്‍ ഇമ്രാന്‍ഖാന്റെ സൗദി സന്ദര്‍ശന വേളയില്‍ 600 കോടി ഡോളര്‍ സഹായമായി പാക്കിസ്ഥാന് കൈപ്പറ്റിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനു രാജ്യാന്തര നാണ്യനിധിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു ധനകാര്യ മന്ത്രാലയം അറിയിച്ചു. 1980 മുതല്‍ പാക്കിസ്ഥാന് രാജ്യാന്തര നാണ്യനിധിയില്‍നിന്നു സ്ഥിരമായി വായ്പയെടുക്കുന്നതാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പുതുവഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നോട്ടു നിരോധനം ഉണ്ടാവുമോയെന്നും പലരും ആശങ്കപ്പെടുന്നുണ്ട്.