ജയ്പുർ: പാസ്പോർട്ടും വീസയുമില്ലാതെ മടക്കടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പാക് പെൺകുട്ടി ജയ്പുരിൽ പിടിയിൽ. 16 വയസുകാരിയെ ജയ്പുർ എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
ലാഹോർ സ്വദേശിനിയായ ഗസൽ പർവീൺ ആണ് പിടിയിലായത്. മൂന്നു വർഷം മുൻപ് ബന്ധുവിനൊപ്പമാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്. അന്നുമുതൽ ഇരുവരും സിക്കാറിലെ ശ്രീമധോപുരിലാണ് താമസിച്ചിരുന്നത്.
പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ ടിക്കറ്റ് എടുക്കാനാണ് വെള്ളിയാഴ്ച പെൺകുട്ടി ജയ്പുർ വിമാനത്താവളത്തിലെത്തിയത്. രണ്ട് പുരുഷന്മാരും പെൺകുട്ടിക്കൊപ്പമുണ്ടായിരുന്നു. ഇവരും പോലീസ് കസ്റ്റഡിയിലാണ്.
മൂന്ന് വർഷം മുമ്പ് വിമാനത്തിലാണ് താൻ ഇന്ത്യയിലെത്തിയതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ താനും ബന്ധുവായ സ്ത്രീയും എങ്ങനെ ഇന്ത്യയിലെത്തിയെന്ന് അവൾക്ക് അറിയില്ല.
പെൺകുട്ടിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ബന്ധുവിനെ പിന്നീട് ചോദ്യം ചെയ്യും.