ടെററിസ്ഥാനെന്നു പാക്കിസ്ഥാനെ വിളിച്ച ഇന്ത്യയ്ക്കു മറുപടി നല്കാനെത്തിയ പാക്കിസ്ഥാന് കിട്ടിയത് നല്ലൊന്നാന്തരം പണി. ഇന്ത്യ കാഷ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നായിരുന്നു പാക് പ്രതിനിധിയുടെ പ്രസംഗത്തിന്റെ കാതല്‍. വിഷയം കത്തിക്കാന്‍ ഒരു ചിത്രവും ഉയര്‍ത്തിക്കാട്ടി. പെല്ലറ്റ് ഗണ്‍ കൊണ്ട് മുറിവു പറ്റിയ യുവതിയുടെ ചിത്രം. കാഷ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതയുടെ ചിത്രമാണിതെന്നായിരുന്നു പാക് പ്രതിനിധിയുടെ അവകാശവാദം. എന്നാല്‍ പലസ്തീനിലെ റാവിയ അബു ജോമ എന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കശ്മീരിലേതെന്ന് കാട്ടി ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചത്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെയാണ് അബു ജോമയ്ക്ക് പരിക്കേറ്റത്. ഗാസയില്‍ 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഈ പെണ്‍കുട്ടിക്കു പരിക്കേറ്റത്. പാക്കിസ്ഥാന്റെ ഫോട്ടോ ചതി രാജ്യാന്തര മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് അബദ്ധം പുറത്തായത്. ഈ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രാജ്യാന്തര മാധ്യമങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. അതിനിടെ പാക്കിസ്ഥാനെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയെന്ന ആരോപണവുമായി സര്‍ക്കാരിനെതിരേ പാക് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യ ഐഐടിയും ഐഐഎമ്മും ബഹിരാകാശ ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമ്പോള്‍ പാകിസ്ഥാന്‍ ലഷ്കര്‍ ഇ തോയ്ബയേയും ജിഹാദികളേയുമാണ് സൃഷ്ടിക്കുന്നതെന്ന് സുഷമ സ്വരാജ് നേരത്തെ ഐക്യരാഷ്ട്രസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു ദിവസം മുന്‍പ് പാകിസ്ഥാന്‍ ടെററിസ്ഥാനാണെന്നും ഇന്ത്യന്‍ പ്രതിനിധി ഈനം ഗാംഭീര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടി നല്കാനുള്ള പാക്ക് ശ്രമമാണ് ദയനീയമായി പരാജയപ്പെട്ടത്.