അഞ്ചല്‍: തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴയില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി.
കേസ് അന്വേഷിക്കാന്‍ എടിഎസിന്റെ കീഴില്‍ പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ടീമിലുണ്ടാകും. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നും എഡിജിപി വ്യക്തമാക്കി. ടോമിന് തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എടിഎസ് തലവന്‍ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം തന്നെ വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ തമിഴ്നാട് ബന്ധവും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം കളിയിക്കവിളയില്‍ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാകും.
കുളത്തുപ്പുഴക്ക് അടുത്ത് ആര്യങ്കാവില്‍ നിന്നുമാണ് കേസിലെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് കരുതപ്പെടുന്ന ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടുന്നത്. അടുത്ത ദിവസങ്ങളില്‍ ചിലരെ സംശയാസ്പദമായ രീതിയില്‍ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ അന്വേഷണം അത്തരത്തിലും നീങ്ങുന്നുണ്ട്. പാതയോരത്ത് നിന്നും ലഭിച്ച 14 വെടിയുണ്ടകളില്‍ 12 എണ്ണവും പാക് നിര്‍മ്മിതമാണ് എന്നാണു കണ്ടെത്തൽ. എന്‍എഎയും മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിയുണ്ടകള്‍ക്കൊപ്പം ലഭിച്ച ചില പേപ്പറുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കീറി പലഭാഗങ്ങളായി എറിഞ്ഞ നിലയിലാണ് പേപ്പറുകള്‍ പോലീസ് കണ്ടെത്തിയത്.
എഡിജിപി കൂടാതെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ അനൂപ് ജോണ്‍ കുരുവിള, തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡിന് എന്നിവരും സ്ഥലത്ത് നേരിട്ടെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.