ലാഹോർ: ഇന്ത്യന്‍ വംശജയായ യുവതിയും പാകിസ്ഥാന് സ്വദേശിയായ യുവാവും വിവാഹിതരായി. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി ജസ്പ്രീത് കൗറും പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അലി അര്‍സലാനും തമ്മിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് യുവതി ഇസ്ലാം മതം സ്വീകരിച്ച് സൈനബ എന്ന പേര് സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട്.
കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ താമസിക്കുമ്പോഴാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലായതോടെ വിവാഹം ചെയ്യാന്‍ പരസ്പരം തീരുമാനിക്കുകയായിരുന്നു.
അര്‍സലാന്റെ ക്ഷണത്തെത്തുടർന്ന് ജസ്പ്രീത് പാകിസ്ഥാന് സന്ദര്‍ശിക്കുന്നതിനായി പോയി. മതപരമായ സന്ദര്‍ശനത്തിനായി ജസ്പ്രീതിന് ഏപ്രില്‍ 15 വരെ സാധുതയുള്ള വിസയും പാകിസ്ഥാന് അനുവദിച്ചു. തുടര്‍ന്ന് ജനുവരി 16ന് ജസ്പ്രീതും അര്‍സലാനും പാകിസ്ഥാനില്‍ വച്ച് കൂടിക്കാഴ്ച നടന്നു.
അതിനുശേഷം സിയാല്‍കോട്ട് ജാമിയ ഹനഫിയയില് വച്ച് ജസ്പ്രീത് ഇസ്ലാം മതം സ്വീകരിച്ച് ഇരുവരും വിവാഹം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച രണ്ടായിരത്തിലധികം അമുസ്ലീകളില് ഒരാളാണ് ജസ്പ്രീത് കൗറെന്ന് ജാമിയ ഹനഫിയ അധികൃതര്‍ അറിയിച്ചു.