ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പിടിഐയെ(പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി) നിരോധിക്കാനൊരുങ്ങി പാക് സർക്കാർ.
പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന് ഖാന്, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്.
രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതടക്കമുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി പറയുന്നു.
അതേസമയം, നടപടിയെ രൂക്ഷമായി വിമർശിച്ച പിടിഐ പാക്കിസ്ഥാന്റെ അടിസ്ഥാന ശിലകളെ തകർക്കരുതെന്ന് എക്സിൽ കുറിച്ചു. മേയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിലാണ്. നിലവിൽ ദേശീയ അസംബ്ലിയിൽ 109 സീറ്റുകളുള്ള പിടിഐയാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി.
രാജ്യംമുന്നോട്ടേക്ക് പോകണമെങ്കില്‍ പിടിഐ ഉണ്ടാകാന്‍ പാടില്ല. പിടിഐയും രാജ്യവും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്നും മന്ത്രി തരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയിലെ ചട്ടം 17-പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീംകോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.