പെണ്ണൊരുമ്പെട്ടാല്‍ ഒരു രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനെ അത് ബാധിച്ചെന്ന് വരാം. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോര്‍ത്താന്‍ പാക്കിസ്ഥാന്‍ യുവതി നടത്തിയ ഹണി ട്രാപ്പിന്റെ വാര്‍ത്തയാണത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ വ്യോമസേനയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ഹണി ട്രാപ്പിന് ഇരയായ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തുവരികയാണ്. സ്മാര്‍ട്ട് ഫോണിലെ മെസഞ്ചര്‍ വഴിയാണ് രഹസ്യ ഡേറ്റകള്‍ ചോര്‍ത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ‘വ്യാജ’ സുന്ദരി ഹണി ട്രാപ്പിലൂടെ വ്യോമസേനാ ഉദ്യോഗസ്ഥനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. വാട്‌സ്ആപ്പ് വഴിയാണ് ഡേറ്റകള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി ഉദ്യോഗസ്ഥനില്‍ നിന്ന് മൊബൈല്‍ നമ്പറുകളും മറ്റു വ്യക്തി വിവരങ്ങളും സ്വന്തമാക്കി. തുടര്‍ന്ന് യുവതിയുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് രേഖകള്‍ കൈമാറിയത്.
കെണിയില്‍ കുടുക്കാനായി വേണ്ട രഹസ്യ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ യുവതി സ്വന്തമാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ വ്യക്തമായ വിലാസമോ ചിത്രങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് അറിയുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ‘വ്യാജ’ യുവതികള്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വലയിലാക്കി രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നത് പതിവ് സംഭവമായിട്ടുണ്ട്. 2011 ല്‍ നാവികസേനാ കമാന്‍ഡര്‍ സുഖ്ജിന്ധര്‍ സിങ്ങിന്റെ റഷ്യന്‍ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ചാറ്റ് ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്.
ഇന്ത്യപാക്ക് സംഘര്‍ഷം രൂക്ഷമായതോടെ ഐഎസ്‌ഐ ചാരന്‍മാരുടെയും ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം ശക്തമായിട്ടുണ്ട്. സോഷ്യല്‍മീഡിയകളില്‍ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡേറ്റാ ചോര്‍ത്താനുള്ള പ്രത്യേകം ആപ്പ് വരെ ഐഎസ്‌ഐ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചും ഹണി ട്രാപ് നടത്തുന്നു. ചില സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പാക്ക് ഹാക്കര്‍മാരുടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണിലെ എല്ലാ ഡേറ്റകളും ചോര്‍ത്താനാകും. നേരത്തെയും ഇത്തരം ആപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്തു.
ബിഎസ്എഫ്, വ്യോമസേന, സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളായ ഐബിയും റോയും നേരത്തെ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചെലവാക്കുന്നത് കോടികളാണ്. ഹണിട്രാപിനു മാത്രമായി 4,000 കോടി രൂപയാണ് ഐഎസ്എയുടെ ബജറ്റ് തുക. ഐഎസ്‌ഐയുടെ മിക്ക ട്രാപ്പുകളും നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. മുതിര്‍ന്ന ഉദ്യേഗസ്ഥന്‍മാരുടെ ഭാര്യമാരേയും കാമുകിമാരെയും ബന്ധുക്കളെയും സോഷ്യല്‍മീഡിയകള്‍ വഴി ചൂഷണം ചെയ്ത് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ട്. രാജ്യത്തെ മിക്ക സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഐഎസ്‌ഐയുടെ നിരീക്ഷണത്തിലാണ്.