കൊച്ചി: കൊച്ചി പുറംകടലിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക് പൗരന് സുബൈറി(29)നെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനായി അടുത്ത ദിവസം അപേക്ഷ നല്‍കും.
ഈ മാസം പത്തിനാണ് പാക്കിസ്ഥാന് – ഇറാന് അതിര്‍ത്തിയില്‍ നിന്ന് ബോട്ട് പുറപ്പെട്ടത്. 13 ന് നാവികസേന ബോട്ടു പിടികൂടി എന്‍സിബിയെ ഏല്‍പ്പിച്ചു.
132 കെട്ടുകള്‍ക്കുള്ളില്‍ 2525 പ്ലാസ്റ്റിക് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ആഴക്കടലില്‍ നിന്ന് 25,000 കോടി വില വരുന്ന 2525 കിലോയുടെ മെത്തംഫെറ്റമിനാണ് പിടികൂടിയിരുന്നത്.
വാഗ്ദാനം ചെയ്തിരുന്നത് വന്‍ തുക
പിടിയിലായ സുബൈര്‍ കാരിയറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇടപാട് കഴിയുമ്പോള്‍ നല്ല തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരി കടത്ത്. അതേസമയം, മയക്കുമരുന്ന് കടത്തിലെ തീവ്രവാദ ബന്ധം പരിശോധിക്കാന്‍ എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.