ദുബായ്: പാക്കിസ്ഥാനെതിരായ തുടർച്ചയായ അഞ്ചാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ പരമ്പര തൂത്തുവാരി. 20 റൺസിനാണ് ഇക്കുറി ഓസ്ട്രേലിയയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണെടുത്തത്. പാക്കിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുക്കാനേ സാധിച്ചുള്ളൂ.
വെറും 33 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും അടക്കം 70 റൺസും നിർണായകമായ ഒരു വിക്കറ്റും വീഴ്ത്തിയ ഗ്ലെൻ മാക്സ്വെല്ലാണ് കളിയിലെ താരം. മിന്നുന്ന ഫോമിൽ കളിച്ച ആരോൺ ഫിഞ്ച് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു സെഞ്ചുറി അടക്കം 451 റൺസാണ് ഫിഞ്ച് പരമ്പരയിൽ അടിച്ച് കൂട്ടിയത്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഉസ്മാൻ ഖവാജ(98), ആരോൺ ഫിഞ്ച്(53), ഷോൺ മാർഷ്(61) എന്നിവരുടെ അർധസെഞ്ചുറികളാണ് കരുത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച മാക്സ്വെല്ലാണ് സ്കോർ 300 കടത്തിയത്. പാക്കിസ്ഥാന് വേണ്ടി ഉസ്മാൻ ഷിൻവാരി നാലും ജുനൈദ് ഖാൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ മികച്ച പോരാട്ടം നടത്തിയ ശേഷമാണ് പാക്കിസ്ഥാൻ കീഴടങ്ങിയത്. സെഞ്ചുറിയുമായി ഹാരിസ് സൊഹൈലാണ്(129 പന്തിൽ 130) പാക്കിസ്ഥാന്റെ പരാജയഭാരം കുറച്ചത്. ഷാൻ മസൂദ്(50), ഉമർ അക്മൽ(43) എന്നിവർ മികച്ച പിന്തുണ നൽകി. അവസാനം ക്യാപ്റ്റൻ ഇമാദ് വാസിം പൊരുതിയെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. 34 പന്തിൽ 50 റൺസുമായി വാസിം പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ജേസൺ ബെഹ്രെൻഡോർഫ് മൂന്നു വിക്കറ്റ് പിഴുതു.