ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും ഷഹബാസ് ഷെരീഫ് അധികാരമേറ്റെടുത്തു. പ്രസിഡന്റ് ആരിഫ് അൽവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റിന്റെ വസതിയായ ഐവാൻ-ഇ-സദറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഷഹബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ഉം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) അധികാരം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയതിനു പിന്നാലെയാണ് ഷഹബാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാനെ 2022ഏപ്രിൽ മുതൽ ഷഹബാസാണ് നയിക്കുന്നത്.
ചടങ്ങിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പിപിപി നേതാവും സിന്ധ് മുഖ്യമന്ത്രിയുമായ മുറാദ് അലി ഷാ എന്നിവരും പിഎംഎൽ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഷഹബാസ്, സർക്കാർ രൂപീകരിക്കാൻവേണ്ട ഭൂരിപക്ഷം നേടിയിരുന്നു. 336 അംഗ പാർലമെന്റിൽ പിഎംഎൽ–എന്നിന്റെയും പിപിപിയുടെയും സമവായ സ്ഥാനാർഥിയായ ഷെഹബാസിന് 201 വോട്ട് ലഭിച്ചു.
ഇമ്രാൻഖാന്റെ പാർട്ടിയായ പിടിഐയുടെ സ്ഥാനാർഥി ഒമർ അയൂബ് ഖാന് 92 വോട്ടുകളാണ് കിട്ടിയത്.