പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ അതിർത്തി ഏറ്റവും കൃത്യതയോടെ നിരീക്ഷിക്കാൻ സഹായിക്കുന്ന ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ വേഗത്തിലാക്കുന്നു.
പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കുകയാണു ലക്ഷ്യം. ആഴ്ചകൾക്കുള്ളിൽ റഡാർ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പുകൾ ഐഎസ്ആർഒ തുടങ്ങി. പിഎസ്എൽവി-സി 61 ഉപയോഗിച്ചായിരിക്കും അത്യാധുനിക ഇഒഎസ്-09 ഉപഗ്രഹത്തിന്റെ വിക്ഷേപണം.
സി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ ഉൾപ്പെടുന്ന ഉപഗ്രഹത്തിനു രാപകൽ വ്യത്യാസമില്ലാതെ, ഏതു പ്രതികൂല കാലാവസ്ഥയിലും ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുണ്ട്.
ഇന്ത്യൻ ശാസ്ത്രജ്ഞർ നിർമിച്ച ഈ ഉപഗ്രഹത്തിന് മേഘങ്ങൾ മൂടിയ ആകാശവും തടസമാകില്ല. നിലവിലുള്ള കാർട്ടോസാറ്റ്-3 എന്ന ഉപഗ്രഹത്തിന് കൃത്യതയുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുമെങ്കിലും രാത്രിയിൽ ചിത്രങ്ങളെടുക്കാൻ കഴിയില്ല. ഇത് സുരക്ഷാ നടപടികൾക്കു വെല്ലുവിളിയാകാറുമുണ്ട്.