കാർഡിഫ്: തകർച്ചയിൽനിന്നു പോരാടിക്കയറി പാക്കിസ്ഥാൻ ചാന്പ്യൻസ് ട്രോഫി സെമിയിൽ ഇടംപിടിച്ചു. വിജയലക്ഷ്യമായ 237 റണ്‍സ് പിന്തുടർന്ന പാക്കിസ്ഥാൻ, 137/6 എന്നനിലയിൽ തകർച്ച നേരിട്ടശേഷം ഏഴാം വിക്കറ്റിൽ 25 റണ്‍സും എട്ടാം വിക്കറ്റിൽ 75 റണ്‍സും കൂട്ടിച്ചേർത്ത് വിജയത്തിലേക്കു നടന്നുകയറുകയായിരുന്നു. 31 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിന്റെ വിജയം പാക്കിസ്ഥാനു സ്വന്തം. സെമിയിൽ ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളികൾ. രണ്ടാം സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
പുറത്താകാതെ 61 റണ്‍സുമായി ടീമിനെ വിജയത്തിലേക്കു നയിച്ച നായകൻ സർഫറസ് ഖാനും ഉറച്ച പിന്തുണ നൽകിയ മുഹമ്മദ് ആമിറിനും വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാം. ആമിർ 28 റണ്‍സുമായി പുറത്താകാതെനിന്നു. ആദ്യ വിക്കറ്റിൽ 74 റണ്‍സ് കൂട്ടിച്ചേർത്തശേഷമാണ് പാക്കിസ്ഥാൻ തകർന്നതെന്നതും ശ്രദ്ധേയമാണ്. ഓപ്പണർമാരായ ഫഖർ സമാൻ(50), അസർ അലി(34) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി നുവാൻ പ്രദീപ് മൂന്നു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 49.2 ഓവറിൽ 236 റണ്‍സെടുത്തപ്പോൾ എല്ലാവരും പുറത്തായി. പാക്കിസ്ഥാൻ പേസർമാരുടെ മികവാണ് ലങ്കയെ വൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. പേസർമാരായ ജുനൈദ് ഖാൻ, ഹസൻ അലി എന്നിവർ മൂന്നും മുഹമ്മദ് ആമിർ, ഫാഹിം അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.
ഒരുഘട്ടത്തിൽ മൂന്നു വിക്കറ്റിന് 83 എന്ന നിലയിൽ പതറിയ ശ്രീലങ്കയെ നിരോക്ഷൻ ഡിക്വെല്ലയും എയ്ഞ്ചലോ മാത്യൂസും ചേർന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച് ലങ്കയെ മികച്ച നിലയിലേക്കു നയിച്ചു. മാത്യൂസ് (39), ഡിക്വെല്ല (73) പുറത്തായതോടെ ശ്രീലങ്കയുടെ സ്കോറിംഗിനു താളംതെറ്റി. പിന്നീടെത്തിയവരിൽ അസേല ഗുണരത്ന (27), സുരംഗ ലക്മൽ (26) എന്നിവർ ഒരുമിച്ച എട്ടാം വിക്കറ്റ് സഖ്യമാണ്് ലങ്കയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.