കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ത്താന്‍ കോവിഡ് രോഗബാധിതരെ ജമ്മു കാശ്മീരിലേക്ക് കയറ്റി വിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം. ജമ്മു കാശ്മീര്‍ പോലീസ് മേധാവിയാണ് ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടര്‍ബാല്‍ ജില്ലയിലെ കോവിഡ് -19 ക്വാറന്റ്റീന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇക്കാര്യം ഉന്നയിച്ചത്.
കോവിഡ് -19 രോഗികളെ കാശ്മീര്‍ താഴ്വരയിലേക്ക് അയയ്ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു.
”ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതുവരെ പാകിസ്ഥാന്‍ തീവ്രവാദികളെ കാശ്മീരിലേക്ക് അയച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ കൊറോണ വൈറസ് രോഗികളെ അയക്കുകയാണ്.
ഇത് കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുന്നു. ഇത് നമ്മള്‍ ജാഗ്രത പാലിക്കേണ്ട വിഷയമാണ്, മാത്രമല്ല ഇത് വളരെ ആശങ്കപ്പെടുത്തുന്നതുമാണ്,” ദില്‍ബാഗ് സിംഗ് പറഞ്ഞു.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നതിനായി പാകിസ്ഥാന്‍ കോവിഡ് -19 രോഗികളെ പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലേക്ക് അയക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചതായി ഒരു ഉന്നത കരസേനാ കമാന്‍ഡര്‍ പറഞ്ഞതിന് ഒരാഴ്ചക്ക് ശേഷമാണ് പോലീസ് മേധാവിയുടെ ഈ വെളിപ്പെടുത്തല്‍.
50ല്‍ അധികം കോവിഡ് -19 കേസുകള്‍ പാക് അധിനിവേശ കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അവയില്‍ പലതും മിര്‍പൂര്‍ ജില്ലയില്‍ നിന്നാണ്.
ഈ മാസം ആദ്യം, കെരണ്‍ മേഖലയില്‍ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു.
അഞ്ച് തീവ്രവാദികളെ വെടിവച്ചു കൊന്നു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. തീവ്രവാദികള്‍ക്കും കോവിഡ് ബാധിച്ചിരിക്കാം എന്ന സംശയവുമുണ്ട്.
ഏറ്റുമുട്ടലിനുശേഷമുള്ള ദിവസങ്ങളില്‍, നിയന്ത്രണ രേഖയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കനത്ത വെടിവയ്പ്പ് നടന്നിരുന്നു.
കുപ്‌വാര ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
400ല്‍ അധികം കോവിഡ് കേസുകളാണ് ജമ്മു കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും കശ്മീര്‍ താഴ്വരയില്‍ നിന്നുള്ളവരാണ്. മൂന്ന് പൊലീസുകാരെയും പോസിറ്റീവായി. അഞ്ചുപേരാണ് ഇതുവരെ കാശ്മീരില്‍ മരണപ്പെട്ടത്.