ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ 15പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു.
ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഖൈബർ പഖ്തുൻഖ്വയിലെ സൈനികത്താവളത്തിൽ രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇത് മറ്റ് ആക്രമണകാരികൾക്കു കോമ്പൗണ്ടിലേക്ക് കടക്കാനുള്ള വഴിയൊരുക്കി. തുടർന്ന് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
റമദാൻ നോന്പുതുറയ്ക്കു തൊട്ടുപിന്നാലെയാണ് റെസ്റ്റീവ് പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിലെ സുരക്ഷാകേന്ദ്രം ലക്ഷ്യമിട്ടു ഭീകരർ ആക്രമണം നടത്തിയത്.
തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) അടുത്തിടെ കൈകോർത്ത ഭീകര സംഘടനയായ ജെയ്ഷ് ഉൽ ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.