ന്യൂഡല്‍ഹി: ഒടുവില്‍ പാകിസ്ഥാന് ഇന്ത്യയോടു നന്ദി പറഞ്ഞു. അഞ്ചുവയസുകാരനായ പാക് ബാലനെ അവന്റെ അമ്മയുമായി ഒരുമിപ്പിച്ചതിനാണ് ഇന്ത്യയോടു പാകിസ്ഥാന് നന്ദി പറഞ്ഞത്. കുട്ടിയുടെ പിതാവ് കള്ളനാടകം കളിച്ച് ഒരു വര്‍ഷം മുമ്പാണ് കുട്ടിയെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്. ”ഇന്ത്യന്‍ അതോറിറ്റികളുടെ സഹകരണത്തിനും മനുഷ്യത്വപരമായ പ്രവൃത്തികള്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി” ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ട്വീറ്റ് ചെയ്തു.
ഇഫ്തിക്കര്‍ അഹമ്മദ് എന്ന കുട്ടിയെയാണ് വാഗാ അതിര്‍ത്തി വഴി കുട്ടിയുടെ അമ്മയുടെ കൈകളിലേല്‍പ്പിച്ചത്. മകന്റെ വരവിനായി അമ്മ രോഹിനാ കിയാനി ഏറെ നേരം ചെക് പോസ്റ്റില്‍ കാത്തു നിന്നു. ” മകന്റെ തിരിച്ചുവരവ് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. മകന്റെ മടങ്ങിവരവിന് സഹായിച്ച പാകിസ്ഥാന് സര്‍ക്കാരിന് എല്ലാവിധ നന്ദിയുമറിയിക്കുന്നു. രോഹിനാ വാഗ ചെക്പോസ്റ്റില്‍ പറഞ്ഞു. മകന് മടങ്ങിവരുമെന്ന പ്രതീക്ഷ നശിച്ചിരുന്നെന്നും ഇതൊരു അദ്ഭുതം തന്നെയാണെന്നും രോഹിനാ പറയുന്നു.
ജമ്മു-കാഷ്മീര്‍ സ്വദേശിയായ ഭര്‍ത്താവ് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് മാതാവിന്റെ വെളിപ്പെടുത്തല്‍. കള്ളം പറഞ്ഞാണ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോകുന്നതെന്ന് രോഹിനാ പറയുന്നു. ദുബായില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം അവിടെനിന്ന് കുട്ടിയെ കഴിഞ്ഞ മാര്‍ച്ചില്‍ കാഷ്മീരിലേക്കു കൊണ്ടുപോകുകയായിരുന്നു.ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണറിന്റെ സഹായത്തോടെ ഭര്‍ത്താവിനെതിരേ രോഹിനാ ഇന്ത്യയിലെ ഒരു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കുട്ടി പാകിസ്ഥാന് പൗരനാണെന്നു പാകിസ്ഥാന് ഹൈകമ്മീഷന് കോടതിയില്‍ തെളിയിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ പാകിസ്ഥാനിലുള്ള അമ്മയെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് നടപടികള്‍ക്ക് കാലതാമസം നേരിട്ടത്.