വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതോടെ രാജ്യത്ത് വന്‍തോതിലുള്ള ഭീകരാക്രമണത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കും പാകിസ്ഥാന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. മുമ്പ് മുംബൈ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയില്‍ കടല്‍ത്തീരങ്ങള്‍ വഴി ഭീകരര്‍ നുഴഞ്ഞുകയറാനും ആക്രമണം നടത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയ അമേരിക്കയിലെ ഇന്റലിജന്‍സ് ഏജന്‍സിയുടേതാണ് ഇപ്പോഴത്തെ ജാഗ്രതാ നിര്‍ദ്ദേശവും എന്നതിനാല്‍ കേന്ദ്രം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ കലാപം സൃഷ്ടിച്ചാല്‍ അത് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് പാകിസ്ഥാന് നന്നായറിയാമെന്നും ഇന്ത്യ കൂടാതെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്നും ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്സ് അറിയിച്ചു. പാക്കിസ്ഥാന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് രാജ്യത്തിന് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോകവ്യാപകമായി ഭീകരപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പഠിച്ച് വിലയിരുത്തുന്ന സമിതി യോഗത്തിലാണ് ഡാന്‍ കോട്സ് ഈ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ താല്പര്യങ്ങള്ക്കെതിരെ നടത്തുന്ന പടനീക്കം എന്ന നിലയിലാണ് ഇന്ത്യയും അഫ്ഗാനും താലിബാന് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തല്‍.
ഇന്ത്യയുടെയും അമേരിക്കയുടേയും സഹായത്തോടെ അഫ്ഗാനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താലിബാന് വിരുദ്ധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യ വളരെയധികം വികസന സഹായങ്ങള്‍ എത്തിക്കുന്ന രാജ്യം കൂടിയാണ് അഫ്ഗാനിസ്ഥാന്. ഇതെല്ലാം തന്നെയാണ് ഇന്ത്യയ്ക്കൊപ്പം അഫ്ഗാനെയും ശിഥിലപ്പെടുത്താന്‍ പാക്കിസ്ഥാന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് പ്രേരണയെന്നാണ് സൂചനകള്‍.
ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുപോലെ തന്നെ ഏതാണ്ട് അതേ കാലത്താണ് അഫ്ഗാനിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 2019 ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ വന്‍ തോതിലുള്ള ആക്രമണം നടക്കാനിടയുണ്ടെന്ന് ഡാന്‍ കോട്സ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന ഇന്ത്യയില്‍ ഭീകരാക്രമണത്തോടൊപ്പം വര്‍ഗീയകലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഡാന്‍ കോട്സ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം മുതലെടുത്ത് ഭീകരാക്രമണവും കലാപവും നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഭീകരസംഘടനകളെ പാകിസ്ഥാന് സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്ക് ആയുധമായി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ യുഎസ് ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ കോട്സ് രാജ്യസുരക്ഷയ്ക്ക് തലവേദനയായ സംഘടനകളെ ഒഴികെ ബാക്കിയുള്ളവയെ പാക്കിസ്ഥാന് പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത്തരം സംഘടനകള്‍ക്ക് പാക്കിസ്ഥാന് സുരക്ഷാതാവളം ഒരുക്കുകയാണെന്നും കോട്സ് പറഞ്ഞു. താലിബാനെതിരെ യുഎസ് നടപ്പാക്കിയ ഭീകരവിരുദ്ധ ഉദ്യമങ്ങള്‍ ഈ സംഘടനകള്‍ക്ക് ഇച്ഛാഭംഗമുണ്ടാക്കാനിടയുണ്ടെന്നും തുടര്‍ന്ന് തിരിച്ചടികള്‍ മറ്റു രാജ്യങ്ങള്‍ക്ക് നേരെയുണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ മുംബൈയിലെ ആക്രമണത്തിന് തൊട്ടുമുമ്പ് ഇത്തരത്തില്‍ ഇതേ ഏജന്‍സി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലപ്രദമായി അതിനെ തടയാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ കടല്‍ത്തീരംവഴി എത്തിയ ഭീകരര്‍ മുംബൈ നഗരത്തെ കീഴടക്കി. അന്ന് രാജ്യത്തെ കടല്‍ത്തീരങ്ങളില്‍ സുരക്ഷ കുറവാണെന്നും ഇവിടങ്ങളില്‍ ജാഗ്രത ശക്തിപ്പെടുത്തണമെന്നും അല്ലെങ്കില്‍ ഭീകരര്‍ ഈ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും ആണ് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ആ മുന്നറിയിപ്പ് കാര്യമായെടുക്കാഞ്ഞതിന് ഇന്ത്യയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരികയും ചെയ്തു. അതിനാല്‍ തന്നെ ഇത്തവണത്തെ മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തിരിക്കുകയാണെന്നാണ് വിവരം.