ബിര്‍മിംഗ്ഹാം: മഴകളിച്ച കളിയിൽ പാക്കിസ്ഥാൻ രക്ഷപെട്ടു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാന് 19 റൺസ് വിജയം. മഴ മുടക്കിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് പാക്കിസ്ഥാൻ ജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 27 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടിയപ്പോഴേക്കും മഴയെത്തുടർന്ന് മത്സരം നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം വിജയലക്ഷ്യം 27 ഓവറിൽ 101 റൺസായി പുനക്രമീകരിച്ചു. ഇതോടെ മഴനിയമ പ്രകാരം പാക്കിസ്ഥാൻ 19 റൺസിന് വിജയിച്ചതായി പ്രഖ്യാപിച്ചു.
തുടക്കത്തിലെ ഓപ്പണർ അസ്ഹർ അലിയെ നഷ്ടപ്പെട്ട പാക്കിസ്ഥാനെ ഫഖാർ സമനും (31) ബാബർ അസമും (31) ആണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ബാബർ അസം പുറത്താകാതെ നിന്നു. സമാൻ പുറത്തായതിനു പിന്നാലെയെത്തിയ മുഹമ്മദ് ഹാഫീസും പെട്ടെന്ന് മടങ്ങിയെങ്കിലും ഷൊഐബ് മാലിക്കും (16) ബാബര്‍ അസമും ചേർന്ന് വിജയത്തിലേക്ക് പാക്കിസ്ഥാനെ നയിക്കുന്നതിനിടെയാണ് മഴയെത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഡേ വിഡ് മില്ലറുടെ ഒറ്റയാള്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 200 കടത്തിയത്. ഇന്നിംഗ്സില്‍ മൂന്നു സിക്സറും ഒരു ബൗണ്ടറിയും മാത്രം പറത്തിയ മില്ലര്‍ 104 പന്തില്‍ 75 റണ്‍സ് നേടി പുറത്താകാതെനിന്നു. പാക് ബൗളര്‍മാരുടെ തീപാറുന്ന പന്തുകള്‍ക്കു മുന്നില്‍ പതറിയ ദക്ഷിണാഫ്രിക്ക ഒരുഘട്ടത്തില്‍ ആറിന് 118 എന്ന നിലയില്‍ പതറിയിരുന്നു.
വാലറ്റത്ത് ക്രിസ് മോറിസിനെ(28)യും റബാദ(26)യെയും കൂട്ടുപിടിച്ച് മില്ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഭേദപ്പെട്ട സ്കോറില്‍ ദക്ഷിണാഫ്രിക്കയെ എത്തിച്ചത്.പാക്കിസ്ഥാനായി ഹസന് അലി 24ന് മൂന്നും ജുനൈദ് ഖാന്, ഇമാദ് വസിം എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യ യോടു തോറ്റപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തി.