ഓവല്‍: ഇംഗ്ലണ്ടിലെ സായാഹ്നത്തില്‍ ഉയര്‍ന്നു കേട്ടത് പാക്കിസ്ഥാന്റെ വിജയഭേരി. ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ യഥാര്‍ഥ ചാമ്പ്യന്‍ പാക്കിസ്ഥാന്‍തന്നെ. നാണക്കേടിന്റെ മറ്റൊരു അധ്യായം രചിച്ച് ടീം ഇന്ത്യ. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോട് ഇന്ത്യയുടെ പരാജയം 180 റണ്‍സിന്!. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനു സംഭവിച്ച ഏറ്റവും വലിയ പരാജയം.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുടച്ച് 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കന്നി സെഞ്ചുറി നേടിയ ഫഖര്‍ സമന്റെ (114) മികവിലാണ് പാക്കിസ്ഥാന് മികച്ച സ്കോറിലെത്തിയത്.
അസ്ഹര്‍ അലിയും (59) മുഹമ്മദ് ഹഫീസും (57*) അര്‍ധസെഞ്ചുറി തികച്ചു. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഹാര്‍ദിക് പാണ്ഡ്യ (76) മാത്രമാണ് തിളങ്ങിയത്. ഫഖര്‍ സമനാണ് മാന്‍ ഓഫ് ദ മാച്ച്. പാക്കിസ്ഥാന് ബൗളര്‍ ഹസന് അലിയാണ് ചാമ്പ്യന്‍ഷിപ്പിന്റെ താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച അലി 13 വിക്കറ്റുകള്‍ സ്വന്തമാക്കി.
ഇതാദ്യമായാണ് പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്. 2009ലെ ലോകകപ്പ് ട്വന്റി-20 സ്വന്തമാക്കിയ ശേഷം പാക്കിസ്ഥാന് നേടുന്ന ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പാണിത്. 1992 ലോകകപ്പ് നേടിയ ശേഷം പാക്കിസ്ഥാന് നേടുന്ന ഐസിസി ഏകദിന ട്രോഫിയും ഇതാണ്.
ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഏറ്റവും ഇന്ത്യന്‍ ബൗളര്‍മാര്‍ പൂച്ചകള്‍
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഓപ്പണര്‍ ഫഖര്‍ സമാന്റെ കന്നി സെഞ്ചുറിയുടെ മികവിലാണ് കൂറ്റന്‍ സ്കോറിലെത്തിയത്. അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവരുടെ അര്‍ധസെഞ്ചുറിയും അവര്‍ക്കു മുതല്‍ക്കൂട്ടായി. 338 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലേക്കു പാക്കിസ്ഥാന് നീങ്ങിയപ്പോള്‍ത്തന്നെ ഇന്ത്യ പരാജയം മണത്തിരുന്നു.
ഓപ്പണര്‍മാരായ ഫഖര്‍ സമാന്റെയും അസ്ഹര്‍ അലിയുടെയും തുടക്കം ഉജ്വലമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഫഖറും അസറും ഓപ്പണിംഗ് വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേവലം 23 ഓവറിലായിരുന്നു പാക്കിസ്ഥാന് 128-ലെത്തിയത്.
23-ാം ഓവറില്‍ അസര്‍ അലി(59) ഫഖറുമായുണ്ടായ ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. 71 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് അസ്ഹര്‍ അലി 59 റണ്‍സ് നേടിയത്. അസ്ഹര്‍ പുറത്തായശേഷം ക്രീസിലെത്തിയ ബാബര്‍ അസം ഫഖറിനൊപ്പം ചേര്‍ന്ന് ആടിത്തിമിര്‍ത്തു.
ഫഖറിനു മികച്ച പിന്തുണ നല്കിയ ബാബര്‍ സിംഗിളുകളിലൂടെ സ്ട്രൈക്ക് കൈമാറിക്കൊണ്ടിരുന്നു. പാക്കിസ്ഥാന്റെ രണ്ടാം വിക്കറ്റ് ഫഖറിന്റെ രൂപത്തില്‍ നഷ്ടമായി. 114 റണ്‍സെടുത്ത ഫഖറിനെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ രവീന്ദ്ര ജഡേജ പിടിച്ചു പുറത്താക്കി.
106 പന്തില്‍ 12 ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് ഫഖര്‍ 114 റണ്‍സ് നേടിയത്. അതേസമയം, സെഞ്ചുറി തികയ്ക്കാന്‍ ഫഖറിനു വേണ്ടിവന്നത് കേവലം 92 പന്താണ്. 60 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി തികച്ച ഫഖര്‍ ശേഷിച്ച 32 പന്തില്‍നിന്നു സെഞ്ചുറിയിലേക്കു കുതിച്ചു.
നേരത്തെ, ജസ്പ്രീത് ബുംറയുടെ ഓവറില്‍ ഫഖറിനെ ധോണി പിടികൂടിയിരുന്നെങ്കിലും പന്ത് നോബോളായി. ഭാഗ്യം മുതലാക്കി ഫഖര്‍ സെഞ്ചുറി നേടി ഇന്നിംഗ്സിന്റെ നട്ടെല്ലുമായി. 52 പന്തില്‍ നാലു ബൗണ്ടറിയുടെ അകമ്പടിയില്‍ 46 റണ്‍സ് നേടിയ ബാബറിനെ കേദാര്‍ ജാദവിന്റെ പന്തില്‍ യുവ്രാജ് സിംഗ് പിടിച്ചു പുറത്താക്കി.
ഇരുവരും പുറത്തായശേഷമെത്തിയവരില് ഷോയ്ബ് മാലിക്കിനു മാത്രമാണ് തിളങ്ങാന്‍ കഴിയാതെ പോയത്. മുഹമ്മദ് ഹഫീസ് 57 റണ്‍സ് നേടിയപ്പോള്‍ അതിനു വേണ്ടിവന്നത് 37 പന്ത് മാത്രമാണ്. ആ ഇന്നിംഗ്സിന് നാലു ബൗണ്ടറിയും മൂന്നു സിക്സും അകമ്പടിയായി. ഇമാദ് വസിം 21 പന്തില്‍ 25 റണ്‍സ് നേടി പുറത്താകാതെനിന്നു.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 പന്തില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ ഓരോ ബാറ്റ്സ്മാനും ഒന്നിനൊന്നു മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ നായകന് കോഹ്്ലിയുടെ ബൗളിംഗ് തീരുമാനം തെറ്റാണെന്നു തെളിഞ്ഞു. 2003 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ ടോസ് നേടിയിട്ടും ഇന്ത്യ ബൗളിംഗിനു തീരുമാനിച്ച ഗാംഗുലിയുടെ അബദ്ധ തീരുമാനം കോഹ്്ലിയും ആവര്‍ത്തിച്ചു.
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം കണക്കിനു തല്ലുവാങ്ങിയപ്പോള്‍ 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിനു മാത്രമാണു പിടിച്ചുനില്ക്കാന് കഴിഞ്ഞത്. കൂടാതെ എക്സ്ട്രായായി 25 റണ്‍സും ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങി.
കഴിഞ്ഞ മത്സരത്തില്‍നിന്നു മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. അശ്വിന് പരിക്കേറ്റതിനാല്‍ ഉമേഷ് യാദവ് കളിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. അതേസമയം, പാക് നിരയില്‍ മുഹമ്മദ് ആമിര്‍ തിരിച്ചെത്തി.
തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ
പരിക്കില്‍നിന്നു മുക്തനായ മുഹമ്മദ് ആമിര്‍ ആഞ്ഞടിച്ചപ്പോള്‍ വന്പന് സ്കോര്‍ പിന്തുടർന്ന ഇന്ത്യയുടെ നായകന് വിരാട് കോഹ്ലിയും ഓപ്പണ്‍ രോഹിത് ശര്‍മയും പവലിയനില്‍ തിരിച്ചെത്തി. 2.4 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ കേവലം ആറു റണ്‍സുള്ളപ്പോഴാണ് കഴിഞ്ഞ മത്സരങ്ങളിലെ മിന്നുംതാരങ്ങള്‍ ഔട്ടാകുന്നത്.
ഇന്ത്യക്കു തുടക്കം മുതല്‍ പിഴച്ചു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് രോഹിത് ശര്‍മയെ വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ് ആമിര്‍ ഇന്ത്യക്ക് ആദ്യ മുറിവേല്‍പ്പിച്ചു. പിന്നാലെയെത്തിയ വിരാട് കോഹ്്ലിയുടെ ക്യാച്ച് സ്ളിപ്പില്‍ പാക്കിസ്ഥാൻ വിട്ടുകളഞ്ഞെങ്കിലും തൊട്ടടുത്ത പന്തില്‍ത്തന്നെ കോഹ്്ലിയെ ആമിര്‍ മടക്കി.
അഞ്ചു റണ്‍സ് നേടിയ കോഹ്്ലിയെ ആമിര്‍, ഷദാബ് ഖാന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന യുവ്രാജ് സിംഗ് – ശിഖര്‍ ധവാന് കൂട്ടുകെട്ട് പ്രതീക്ഷ പകര്‍ന്നുവെങ്കിലും ധവാനും (21) യുവിയും (22)അടുത്തടുത്തു പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. ഷബാദ് ഖാന്റെ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല.
എന്നാല്‍, പാക് നായകന്റെ ഡിആര്‍എസ് തീരുമാനം യുവിക്കെതിരായി. ധോണിയും (4) കേദാര്‍ യാദവും വന്നതുപോലെ മടങ്ങി. എന്നാല്‍, ഹര്‍ദിക് പണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യന്‍ ആരാധകരെ ത്രസിപ്പിച്ചു. നാലു ബൗണ്ടറിയും ആറു സിക്സുമടക്കം 76 റണ്‍സ് നേടിയ പാണ്ഡ്യ ജഡേജയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. ഷബാസ് ഖാന്റെ ഒരോവറില്‍ മൂന്നു സിക്സും ഒരു ഫോറുമടക്കം 23 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്.
ഹര്‍ദിക് പാണ്ഡ്യ പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് ചടങ്ങു മാത്രമായി. ജഡേജ 15 റണ്‍സെടുത്തു.പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിര്‍ ആറോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഹസന് അലിക്കും മൂന്നു വിക്കറ്റ് ലഭിച്ചു.
സ്കോര്‍ബോര്‍ഡ്
പാക്കിസ്ഥാന് ബാറ്റിംഗ്
അസ്ഹര്‍ അലി റണ്ണൗട്ട് 59, ഫഖര്‍ സമാന് സി ജഡേജ ബി പാണ്ഡ്യ 114, ബാബര്‍ അസം സി യുവ്രാജ് ബി ജാദവ് 46, ഷോയ്ബ് മാലിക് സി ജാദവ് ബി ഭുവനേശ്വര്‍ കുമാര്‍ 12, മുഹമ്മദ് ഹഫീസ് നോട്ടൗട്ട് 57, ഇമാദ് വസിം നോട്ടൗട്ട് 25, എക്സ്ട്രാസ് 25.
ആകെ 50 ഓവറില്‍ നാലിന് 338
ബൗളിംഗ്
ഭുവനേശ്വര്‍ കുമാര്‍ 10-2-44-1, ബുംറ 9-0-68-0, അശ്വിന് 10-0-70-0, പാണ്ഡ്യ 10-0-53-1, ജഡേജ 8-0-67-0, കേദാര്‍ ജാദവ് 3-0-27-1.
ഇന്ത്യ ബാറ്റിംഗ്
രോഹിത് ശര്‍മ എല്‍ബിഡബ്ല്യു ബി മുഹമ്മദ് ആമിര്‍ 0, ശിഖര്‍ ധവാന് സി സര്‍ഫ്രാസ് ബി മുഹമ്മദ് ആമിര്‍ 21, വിരാട് കോഹ്ലി സി ഷബാദ് ഖാന് ബി മുഹമ്മദ് ആമിര്‍ 5, യുവ് രാജ് സിംഗ് എല്‍ബിഡബ്ല്യു ബി ഷബാദ് ഖാന് 22, ധോണി സി ഇമാദ് വസിം ബി ഹസന് അലി 4, കേദാര്‍ ജാദവ് സി സര്‍ഫ്രാസ് ബി ഷബാദ് ഖാന് 9, പാണ്ഡ്യ റണ്ണൗട്ട് 76, ജഡേജ സി ബാബര്‍ ബി ജുനൈദ് ഖാന് 15, അശ്വിന് സി സര്‍ഫ്രാസ് ബി ഹസന് അലി 1, ഭുവനേശ്വര്‍ നോട്ടൗട്ട് 1, ബുംറ സി സര്‍ഫ്രാസ് ബി ഹസന് അലി 1, എക്സ്ട്രാസ് 3.
ആകെ 30.3 ഓവറില്‍ 158
ബൗളിംഗ്: മുഹമ്മദ് ആമിര്‍ 6-2-16-3, ജുനൈദ് ഖാന് 6-1-20-1, മുഹമ്മദ് ഹഫീസ് 1-0-13-0, ഹസന് അലി 6.3-1-19-3, ഷബാദ് ഖാന് 7-0-60-2, ഇമാദ് വസിം 0.3-0-3-0, ഫഖര്‍ സമന് 3.3-0-25-0.sthash.eCnAo932.dpuf