ഇന്ത്യന്‍ വീസ ലഭിക്കാഞ്ഞതിനാല്‍ ഇന്ത്യന്‍ യുവാവിനെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാക്കിസ്ഥാന് സുന്ദരി.
പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാനായി നാലു കുട്ടികളുമായി അതിര്‍ത്തി കടന്നെത്തിയ സീമാ ഹൈദറും പാക്കിസ്ഥാനി യുവാവിനെ വിവാഹം കഴിക്കാനായി രണ്ടുകുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ പോയ അഞ്ജുവും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഇതിനിടയിലാണ് പുതിയൊരു ഇന്തോ-പാക് പ്രണയകഥ കൂടി പുറത്തു വരുന്നത്. കറാച്ചി സ്വദേശിനിയായ അമീന തന്റെ വിവാഹത്തിന് വീസ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിശ്രുതവരനായ അര്‍ബാസ് ഖാനുമായി ഓണ്‍ലൈനായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
”അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാന്‍ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.” ബുധനാഴ്ച ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാന്, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാള്‍ സമാജ് ഭവനില്‍ വെര്‍ച്വല്‍ വിവാഹച്ചടങ്ങിന് എത്തിയത്. ‘നിക്കാഹ്’ മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. ജോധ്പുര്‍ ഖാസിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇത് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും അര്‍ബാസ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളില്‍ ശരിയല്ലാത്തതിനാലാണ് നിക്കാഹ് ഓണ്‍ലൈനില്‍ നടത്താന്‍ കാരണം.” അദ്ദേഹം പറയുന്നു.
അമീനയ്ക്ക് ഉടന്‍ വീസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അര്‍ബാസ് പറഞ്ഞു.