ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ കനത്ത തോല്‍വി പാക് ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാൻ സാധിച്ചിട്ടില്ല. മാഞ്ചെസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക് പട ഇന്ത്യയോട് തോറ്റത്. മത്സരത്തലേന്നുള്ള താരങ്ങളുടെ ഹുക്ക വലിയാണ് ടീമിന്റെ തോൽവിക്ക് കാരണമെന്ന് ആരോപിച്ച് ഒരു പാക് അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഭക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധിക്കാത്തതാണ് മോശം പ്രകടനത്തിന് കാരണമാക്കിയതെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ അബ്ദുല്‍ ജലീല്‍ മര്‍വതാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കഫേയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമാണ് സിന്ധ് ഹൈക്കോടതിയിൽ കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്. ഷോയബ് മാലിക്കിന്റെ ഭാര്യയും ടെന്നീസ് താരവുമായി സാനിയ മിര്‍സയുടെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
#Pakistaniteam smoking sheesha and eating pizza burger one night before the match at curry mile wilmslow road while #Indians were making strategies to win! #indiavspak #Pakistan #CWC2019 #shoaib #wahab #imam pic.twitter.com/9ycx09cMVC
— Malik Haseeb Awan (@malikhaseebAw) June 17, 2019
ഇന്ത്യ-പാക് മൽസരത്തിനു മണിക്കൂറുകൾക്കു മാത്രം മുമ്പാണ് പാക് താരങ്ങളായ മാലിക്ക്, ഇമാദ് വാസിം, ഇമാം ഉൾ ഹഖ്, വഹാബ് റിയാസ് എന്നിവരെ വിംസ്ലോ റോഡിലെ ഒരു ഹുക്ക പാർലറിൽ പുലർച്ചെ രണ്ടിന് കണ്ടുവെന്ന കുറിപ്പോടെ അലി ജാവേദ് എന്നയാൾ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ പാക് ടീമിനെതിരെ രംഗത്തെത്തിയിരുന്നു.
ഈ വീഡിയോയ്ക്കു താഴെ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. കുഞ്ഞിനെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലയായ പാക് നടിയും ടിവി താരവുമായ വീണ മാലിക്കിനും സാനിയ ചുട്ടമറുപടി കൊടുത്തിരുന്നു. എന്റെ കുഞ്ഞിനെ മറ്റാരേക്കാളും നന്നായി നോക്കാൻ എനിക്കറിയാം. ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ പാക്ക് താരങ്ങളുടെ അമ്മയോ പ്രിൻസിപ്പാലോ അധ്യാപികയോ അല്ല’- ഇതായിരുന്നു സാനിയയുടെ മറുപടി.