പാക് സര്ക്കാരിനെതിരേ വന് വിമര്ശനവുമായി യുക്രൈന് യുദ്ധഭൂമിയില്നിന്ന് ഇന്ത്യന്സഹായത്താല് രക്ഷപ്പെട്ട പാകിസ്താനി വിദ്യാര്ഥിനി.
യുക്രൈനിലെ നാഷണല് എയറോസ്പേസ് സര്വകലാശാലാ വിദ്യാര്ഥിനി മിഷാ അര്ഷാദാണ് പാക് എംബസിക്കെതിരേ അതിരൂക്ഷ വിമര്ശനം ഉന്നയിച്ച് രംഗത്തെത്തിയത്.
റഷ്യ യുക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്ഥികളെ രക്ഷപ്പെടുത്താന് എംബസി അധികൃതര് ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്താനി ദിനപത്രം ഡോണിനോടു പറഞ്ഞു.
യുദ്ധഭൂമിയില്നിന്ന് രക്ഷപ്പെടാന് ഇന്ത്യന് എംബസിയാണ് സഹായിച്ചതെന്ന് മിഷ പറയുന്നു. ഇന്ത്യന് വിദ്യാര്ഥികള്ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു.
ഈ ബസില് കയറാന് ഇന്ത്യന് എംബസി അധികൃതര് അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന് യുക്രൈനിലെ ടെര്ണോപില് നഗരത്തിലെത്തിയതെന്നും മിഷ കൂട്ടിച്ചേര്ത്തു.
ഇന്ത്യന് വിദ്യാര്ഥികളാല് നിറഞ്ഞ ബസിലെ ഏക പാക്കിസ്ഥാനി താന് ആയിരുന്നെന്നും മിഷ പറഞ്ഞു.
ഞങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര് പെരുമാറുന്നത്…മിഷ പറഞ്ഞു.
റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ, അപ്പാര്ട്ട്മെന്റുകളില് താമസിച്ചിരുന്ന വിദ്യാര്ഥികളെ സര്വകലാശാലാ അധികൃതര് ഹോസ്റ്റല് ബേസ്മെന്റുകളിലേക്ക് മാറ്റിയിരുന്നെന്നും മിഷ പറഞ്ഞു.
യുക്രൈനില്നിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്നിന്നുള്ള 120-ഓളം വിദ്യാര്ഥികള്ക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തില് കഴിഞ്ഞിരുന്നത്.
രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാല്, അവിടെനിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ല. മിഷ കൂട്ടിച്ചേര്ക്കുന്നു.
പാക്കിസ്താനില്നിന്നും തുര്ക്കിയില്നിന്നുമുള്ള ചില വിദ്യാര്ഥികള് യുക്രൈന് അതിര്ത്തി കടന്ന് സമീപരാജ്യങ്ങളിലേക്ക് പോകാന് ഇന്ത്യയുടെ പതാക ഉപയോഗിച്ചെന്ന വാര്ത്ത കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.