ന്യൂഡല്‍ഹി: ബിജെപി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്ക്കെതിരേയുള്ള ലൈംഗിക പീഡന പരാതിയിൽ യുവതി മൊഴി മാറ്റി. ലക്നൗവിലെ പ്രത്യേക കോടതയിൽ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതുപോലെ താൻ പരാതി നൽകിയിട്ടില്ലെന്ന് യുവതി മൊഴി നൽകിയത്.
ഇതോടെ പ്രോസിക്യൂഷൻ യുവതിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഹർജി സ്വീകരിച്ച കോടതി യുവതിക്ക് നോട്ടീസ് അയയ്ക്കാൻ നിർദേശം നൽകി. ഈ കേസിൽ നാളെ കോടതി വാദം കേൾക്കും.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന യുവതി ഒരു വര്‍ഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്.
കണ്ണാടിയില്‍ ഒളിപ്പിച്ച ഒളികാമറയിലൂടെയാണ് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇത്തരത്തില്‍ പീഡിപ്പിക്കുന്നതായുള്ള 43 വീഡിയോ ദൃശ്യങ്ങള്‍ യുവതി പോലീസിന് കൈമാറിയിരുന്നു.
യുവതിയുടെ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നാലെ തന്നെ ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു എന്ന് ചിന്മയാനന്ദ് പരാതിപ്പെടുകയായിരുന്നു. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവതി വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പലപ്പോഴായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് ചിന്മയാനന്ദ് യുവതിക്കെതിരേ ഉന്നയിച്ചിരിക്കുന്ന പരാതി.
ഇതിൽ യുവതിയേയും അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരും ഇപ്പോൾ ജാമ്യം ലഭിച്ച് പുറത്താണ്.