കോഴിക്കോട്: ജില്ലയില്‍ ആശങ്കയുയര്‍ത്തിയ പക്ഷിപ്പനിഭീതിയൊഴിയുന്നു. പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി 6078 പക്ഷികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്.
വേങ്ങേരിയില്‍ ഇന്നലെ മാത്രം 1052 പക്ഷികളെയാണ് കൊന്നൊടുക്കിയത്. 349 മുട്ടകളും 25.75 കിലോ തീറ്റയും നശിപ്പിച്ചു. ഇന്ന് മുതല്‍ കോമ്പിംഗ് നടത്താനാണ് തീരുമാനം.
രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ഏതെങ്കിലും പക്ഷികളെ വിട്ടുപോയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് കോമ്പിംഗ് നടത്തുന്നത്. ഇത്തരത്തില്‍ വിട്ടുപോയ പക്ഷികളെ കണ്ടെത്തി കൊന്നൊടുക്കും.
വളര്‍ത്തുപക്ഷികളെ പലരും ഒളിപ്പിച്ച് മറ്റിടങ്ങളിലേക്ക് മാറ്റുന്നതായും മൃഗസംരക്ഷണ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോഗവ്യാപനം തടയാനായി കോമ്പിംഗ് നടത്തുന്നത്.
വേങ്ങേരിയിലാണ് കൂടുതലായും പക്ഷികളെ ഒളിപ്പിച്ചു കടത്തിയത്. ഈ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പക്ഷികളെ മാറ്റിപ്പാര്‍പ്പിച്ചത് കാരണം മറ്റിടങ്ങളിലേക്കുകൂടി രോഗം പടരാനുള്ള സാധ്യതയുണ്ടാവും.
പ്രതിരോധപ്രവര്‍ത്തനം അവസാനിച്ചതിനെത്തുടര്‍ന്ന് കൊടിയത്തൂരില്‍ ശുചീകരണം ആരംഭിച്ചു. ദ്രുതകര്‍മസേന ചൊവ്വാഴ്ച മുതല്‍ വീടുകളുടെയും കോഴിഫാമുകളുടെയും ശുചീകരണവും ബോധവത്കരണം നടത്തലും തുടരുകയാണ്.
രണ്ടാഴ്ചകൂടുമ്പോള്‍ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
തുടര്‍ന്ന് മാത്രമേ രോഗവിമുക്തപ്രദേശമായി പ്രഖ്യാപിക്കുകയുള്ളൂ. പക്ഷിപ്പനി സ്ഥിരീകരിച്ചതുമുതല്‍ രോഗബാധിതപ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റള്ളവില്‍ കോഴിവ്യാപാരം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
പ്രതിരോധപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായതിനാല്‍ അടുത്ത ദിവസംമുതല്‍ കടകള്‍ തുറക്കാനാവുമെന്നാണ് കോഴിവ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.