പാക്കില്‍: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. ഗാന്ധിനഗറിലെ ജോലിസ്ഥലത്തുനിന്നു മൂത്ത മകള്‍ റിയായുടെ സ്കൂളില്‍ നടക്കുന്ന പിടിഎ മീറ്റിംഗിനായി ഓടിയെത്തിയ രാജിനെ മരണം കവര്‍ന്നെടുത്തത് വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജ് പാക്കില്‍ കവലയില്‍ ഓട്ടോയിലിറങ്ങിയ നിമിഷം പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അമിതവേഗത്തില്‍ കോട്ടയം ഭാഗത്തുനിന്നുമെത്തിയ ബസ് രണ്ടു ടിപ്പര്‍ ലോറികളെയും മറികടന്നെത്തിയാണ് അപകടത്തിനിടയാക്കിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിനെ നാട്ടുകാര്‍ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യ ബസുകളുടെ അമിതവേഗവും മറ്റു നിയമലംഘനങ്ങളും അതുമൂലമുണ്ടാകുന്ന അപകടങ്ങളും തുടര്‍ക്കഥയായിട്ടും അധികൃതര്‍ അങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കാല്‍നടയാത്രക്കാരോ ചെറിയ വാഹനങ്ങളോ ബസുകാര്‍ക്ക് പ്രശ്നമല്ലെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പാക്കില്‍ കവലയില്‍ നടന്നത്.
മുക്കിലും മൂലയിലുംനിന്ന് ചെറുവാഹനങ്ങള്‍ക്ക് നിസാര കാര്യങ്ങള്‍ക്കുപോലും പെറ്റി അടിക്കുന്ന പോലീസാകട്ടെ, മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകളെ കണ്ണടച്ചു വിടുകയാണ്.
പാക്കില്‍ കവലയില്‍ സ്റ്റോപ്പുള്ള ബസാണ് അമിതവേഗത്തില്‍ എത്തി കവലയില്തിതന്നെ ആളെ ഇടിച്ചു വീഴ്ത്തിയത്. അപകടം നടന്നയുടന്‍ ബസിലെ ജീവനക്കാര്‍ നാട്ടുകാരുടെ കൈകളില്‍ പെടാതെ ഓടിരക്ഷപ്പെട്ടതായി പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്ത കവലയായ പവര്‍ഹൗസ് ജംഗ്ഷനില്‍ അമിത വേഗത്തിലെത്തിയ ബസിന്റെ വാതിലില്‍ക്കൂടി തെറിച്ചുവീണ സ്കൂള്‍ വിദ്യാര്‍ഥിയെ മറികടന്നുപോയ ബസ് നാട്ടുകാരിടപെട്ടാണ് നിര്‍ത്തിച്ചത്.
ആയുസിന്റെ ബലം കൊണ്ടാണ് വിദ്യാര്‍ഥി ബസിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെടാഞ്ഞത്.കോട്ടയം ചിങ്ങവനം റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗവും, മത്സരയോട്ടവും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതാണ് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
സ്വകാര്യ ബസുകളുടെ അമിത വേഗത്തിനെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പിടിഎ മീറ്റിംഗിന് പോയ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു
ചിങ്ങവനം: മകളുടെ സ്കൂളില്‍ പിടിഎ മീറ്റിംഗിന് പോയ പിടിഎ പ്രസിഡന്റുകൂടിയായ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു. പാക്കില്‍ കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ആറളം കീഴ്പ്പള്ളി ചാത്തിന്നൂര്‍, മറ്റമുണ്ടയില്‍ രാജ് മാത്യു(45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പാക്കില്‍ കവലയിലായിരുന്നു അപകടം.
കവലയ്ക്ക് സമീപമുള്ള, സെന്റ് തെരേസാസ് സ്കൂളില്‍ പിടിഎ മീറ്റിംഗിനായി ജോലിസ്ഥലമായ ഗാന്ധിനഗറില്‍ നിന്നും ഓട്ടോറിക്ഷായില്‍ വന്നിറങ്ങുമ്പോഴാണ് അപകടം.
ഓട്ടോറിക്ഷായ്ക്ക് പണം നല്കി തിരിയുന്നതിനിടെ കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തില്‍ വന്ന സ്വകാര്യബസിടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു റോഡില്‍ തെറിച്ചു വീണ രാജീനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: റീബാ രാജ് (വാട്ടര്‍ ക്വാളിറ്റി കൺട്രോളര്). മക്കള്‍: റിയ രാജ്, റോഷന് രാജ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് പാക്കില്‍ കവലയിലെ വാടക വീട്ടിലെത്തിച്ചശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടു പോകും.ചിങ്ങവനം പോലീസ് കേസെടുത്തു. മൃതദേഹം ഇന്നുച്ചയ്ക്ക് പാക്കിൽ സെന്റ് തെരേസാസ് സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.