ചിങ്ങവനം: മഹാമാരി പടർത്തിയ പ്രതിസന്ധികൾക്കിടയിലും പ്രസിദ്ധമായ പാക്കിൽ സംക്രമ വാണിഭത്തിനു തുടക്കമായി.പാക്കനാരുടെ പരന്പരയിലെ ഇപ്പോഴത്തെ അവകാശി മാനില, കോട്ടമുറി തങ്കമ്മ മുറ തെറ്റാതെ ആചാരചടങ്ങുകളോടെ തുടക്കംകുറിച്ചു.
ഇന്നലെ രാവിലെ തന്നെ കുട്ടയും മുറവുമൊക്കെയായി പാക്കിൽ ക്ഷേത്ര മൈതാനത്തെത്തിയ തങ്കമ്മ ധർമശാസ്ത ക്ഷേത്രത്തിൽ തൊഴുതു ശ്രീകോവിലിനു മുന്നിലും പുറത്തും കാണിക്കയർപ്പിച്ചു വന്നു നിലവിളക്കിൽ തിരി തെളിയിച്ചു വാണിഭത്തിനു തുടക്കം കുറിച്ചു.
ദേവസ്വം കമ്മീഷണർ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ തങ്കമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.നൂറ്റാണ്ടുകൾക്കു മുന്പ് പാക്കനാർ തുടങ്ങിയ സംക്രമ വാണിഭം എല്ലാ വർഷവും മുറ തെറ്റാതെ നടത്തി വരികയായിരുന്നു.
കർക്കിടകം ഒന്നിനാരംഭിച്ച് ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന സംക്രമ വാണിഭം കോവിഡിന്റെ വരവോടെ ഈ വർഷം പേരിനുമാത്രമായി ചുരുങ്ങി.
ക്ഷേത്ര മൈതാനവും കവിഞ്ഞ് റോഡിലേക്കും കവിഞ്ഞിറങ്ങിയിരുന്ന കച്ചവടക്കാർ ഈ വർഷം ഓർമയിൽ മാത്രമായി. കുട്ടയും മുറവും കുടുംപുളിയും മണ്പാത്രങ്ങളും വിൽക്കുന്ന കടയും ചിന്തിക്കടയും മാത്രമാണ് ഈ വർഷത്തെ സംക്രമ വാണിഭത്തിനുള്ളത്.
വരുംദിവസങ്ങളിൽ കൂടുതൽ സാധനങ്ങളുമായി കച്ചവടക്കാർ എത്തുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ.