മാവേലിക്കര: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസിന്റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) പിടിയിൽ. മാവേലിക്കര പോലീസാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ, കൊല്ലം ജില്ലകളിൽ മോഷണപരമ്പരകൾ നടത്തി പോലീസിനെ വട്ടംകറക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളിൽനിന്നായി ഏഴു ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് പോലീസിന്റെ കണക്ക്. അമ്പലപ്പുഴയിലും കരുനാഗപ്പള്ളിയിലും കാരാളിമുക്കിലും പക്കി സുബൈർ അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാരാളിമുക്കിലും കരുനാഗപ്പള്ളിയിലും മോഷണപരമ്പരയാണ് നടത്തിയത്.
വയനാട് സ്വദേശിയായ ഇയാള് വിവാഹിതനായി ശൂരനാട് തെക്കേമുറിയിലാണ് ഇടയ്ക്കു താമസം. 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ നടത്തിയിരുന്ന ആളാണ് പക്കി സുബൈർ. ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
പിടിയിലാകുന്നതിന് തൊട്ടുമുൻപും കവർച്ചാശ്രമം
മാവേലിക്കര: മാവേലിക്കര പോലീസിന്റെ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിലാകുന്നതിന് തൊട്ടു മുൻപും മോഷണശ്രമങ്ങൾ നടത്തി. ചെട്ടികുളങ്ങര ഈരേഴ തെക്കുള്ള സ്ഥാപനങ്ങളിലും വീടുകളിലുമാണ് കവർച്ചാശ്രമം നടന്നത്.
ഈരേഴ് തെക്ക് പതിനാലാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പുറകിലെ ഷട്ടർ കുത്തിത്തുറന്ന് അവിടെയുള്ള അമ്മ ഓൺലൈൻസ്, ലക്ഷ്മി അസോസിയേറ്റ് കൺസ്ട്രക്ഷൻ ഓഫീസ്, രാജപ്പൻ സ്റ്റോർസ് എന്നീ സ്ഥാപനങ്ങളിലെ പൂട്ട് പൊളിച്ചായിരുന്നു കവർച്ചാശ്രമം. പണമായിരുന്നു ലക്ഷ്യം. ഒന്നും നഷ്ടപ്പെട്ടില്ല. സമീപപ്രദേശങ്ങളിലെ വീടുകളിലും ഇന്നലെ മോഷണ ശ്രമം നടന്നു.