ന്യൂഡൽഹി: പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന, മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴ് ഇന്ത്യക്കാരുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന 17 ഇന്ത്യക്കാർ രാജ്യത്തെ ജയിലിൽ ഉണ്ടെന്ന് ആറുവർഷം മുന്പാണ് പാക്കിസ്ഥാൻ വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ തേടി ഇവരുടെ ചിത്രങ്ങൾ ചേർത്ത് ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിൽ അറിയിപ്പ് നൽകി.
പാക്കിസ്ഥാനിലെ ശിക്ഷാകാലാവധി പൂർത്തിയാക്കിയെങ്കിലും പൗരത്വം സംബന്ധിച്ച സ്ഥിരീകരണമില്ലാത്തതിനാൽ ഇവരെ മോചിപ്പിക്കാനാകുന്നില്ലെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
ഗുല്ലു ജാൻ, അജ്മീര, നഖ്വയ്, ഹസീന എന്നീ സ്ത്രീകളുൾപ്പെടെയാണ് പതിനേഴു പേർ. സോനു സിംഗ്, സുരീന്ദർ മഹ്തോ, പ്രഹ്ളാദ് സിംഗ്, സിൽറോഫ് സലിം, ബിർജു രാജു, ബിപാല, രുപി പാൽ, പൻവാസി ലാൽ, രാജാ മഹോളി, ശ്യാം സുന്ദർ, രമേശ്, രാജു റായി എന്നിവരാണു പുരുഷന്മാർ.
ശിക്ഷാകാലാവധി കഴിഞ്ഞതോടെ 2015 ൽ ഇവരെ തിരിച്ചയയ്ക്കാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങുകയായിരുന്നു.
വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ ആദ്യം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയാണ് വിവരമറിച്ചത്.
തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ചിത്രങ്ങളുൾപ്പെടെ പ്രസിദ്ധീകരിച്ചെങ്കിലും സഹായകരമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.