നൗഷാദ് മാങ്കാംകുഴി
കായംകുളം: മൂന്നടി പൊക്കം മാത്രമുള്ള വലിയ കലാകാരനെ സമ്മേളന വേദിയിലേക്ക് എടുത്തുകൊണ്ടു വന്ന് കസേരയില്‍ ഇരുത്തിയപ്പോള്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിന് അത്ഭുതമായി. അത്ഭുത ദ്വീപ് സിനിമയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ഗിന്നസ് പക്രുവായി മാറിയ അജയകുമാറാണ് വലിയ വാക്കുകളും ചിന്തകളും, ഒപ്പം തമാശകളുമായി ആരാധകരുടെ മനം കവര്‍ന്നത്. കായംകുളം ഗേള്‍സ് ഹൈസ്കൂളില്‍ ശ്രീ നാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ആലപ്പുഴ ജില്ലാ തല സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് ഗിന്നസ് പക്രു എത്തിയത്.
കലാകാരന്മാര്ക്ക് ജാതിയില്ല എന്ന വാക്കുകളിലൂടെ ഗിന്നസ് പക്രു പ്രസംഗം തുടര്‍ന്നപ്പോള്‍ സദസ് ഹര്‍ഷാരവം കൊണ്ട് മുഖരിതമായി. താരത്തിന്റെ തമാശകള്‍ കേട്ട് വേദിയിലിരുന്ന മന്ത്രി ജി. സുധാകരന് അടക്കമുള്ളവര്‍ മനസുതുറന്ന് ചിരിച്ചു.പൊക്കംകുറവ് ഒരനുഗ്രഹമായിട്ടാണ് താന്‍ കാണുന്നത് ഫേസ് ബുക്ക് ഉള്‍പ്പടെയുള്ള നവ മാധ്യമങ്ങള്‍ മനുഷ്യനെ അമിതമായി സ്വാധീനിച്ചതുമൂലം മനുഷ്യര്‍ ഇന്ന് പരസ്പരം നേരില്‍ കാണുമ്പോള്‍ ഒന്ന് ചിരിക്കാന്‍ പോലും കഴിയുന്നില്ല.
ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ പോലും മറ്റുള്ളവരോട് സൗഹൃദം പങ്കിടാതെ മൊബൈല്‍ ഫോണില്‍ തലകുനിച്ച് വച്ച് നമ്മള് ഫേസ്ബുക്കിലും വാട്സ് അപ്പിലും ലയിച്ചുകഴിയുകയാണ്. ഇതുമൂലം തലകുനിഞ്ഞ സംസ്കാരത്തിലോട്ടാണ് നാം പോകുന്നത.് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളും വര്‍ധിച്ചു.അതിനാല്‍ മൊബൈല്‍ ഫോണിന്റെ അമിതമായ സ്വാധീനവലയത്തില്‍ നിന്നും നാം മുക്തരാകണം.
രൂപത്തിലല്ല കാര്യം ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്ക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്. അതിനാല്‍ നമ്മള് സമൂഹത്തില്‍ നടത്തുന്ന നല്ല പ്രവര്ത്തനനങ്ങളാണ് നമ്മളെ വലിയവനാക്കുന്നതെന്നും ഗിന്നസ് പക്രു പറഞ്ഞു. ജാതിമത ചിന്തകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും ധീരമായി അഭിപ്രായം പറയാനും നമ്മള്‍ക്ക് സാധിക്കണമെന്നും ഗിന്നസ് പക്രു പറഞ്ഞു. എംഎല്‍എമാരായ യു.പ്രതിഭാ ഹരി, ആര്.രാജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.