കോട്ടയം: അഴകിലും അളവിലും തന്റെ തന്നെ രൂപം മുന്നിൽ നിൽക്കുന്നത് കണ്ട് ചലച്ചിത്ര താരം ഗിന്നസ് പക്രു ഒന്ന് അതിശയിച്ചു.
ആശ്ചര്യവും ആദ്ഭുതവും നിറഞ്ഞ് മെല്ലെ തന്റെ പ്രതിരൂപത്തിൽ ഒന്നു തൊട്ടു നോക്കി. തന്റെ മെഴുകു രൂപമായിരുന്നു എന്ന് അപ്പോഴാണ് ഗിന്നസ് പക്രുവിനും മനസിനെ വിശ്വസിപ്പിക്കാനായത്.
ഇന്നലെ കോട്ടയം പ്രസ് ക്ലബിൽ മെഴുകിൽ തീർത്ത സ്വന്തം പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു ഗിന്നസ് പക്രു.
കുന്പനാട് സ്വദേശിയായ ഹരികുമാർ കുന്പനാടാണ് ചേർന്നുനിന്നാൽ വേർതിരിച്ചെടുക്കാൻ കഴിയാത്തവിധത്തിലുള്ള ഗിന്നസ് പക്രുവിന്റെ മെഴുകു പ്രതിമ നിർമിച്ചത്.
ഒരേ വേഷവിധാനത്തിൽ ഗിന്നസ് പക്രുവും മെഴുകു പ്രതിമയും നിന്നതോടെ അതിൽ ഏതാണ് പ്രതിമയെന്നും ഏതാണ് ശരിക്കും ഗിന്നസ് പക്രുവെന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കാഴ്ചക്കാരും.
തന്റെ പ്രതിമയുണ്ടാക്കുന്നതിന് വീട്ടിലെത്തി ഹരി അളവ് എടുത്തുകൊണ്ടുപോകുന്പോൾ ഇത്രയും സാമ്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ഗിന്നസ് പക്രു പറഞ്ഞു.
ഞാൻ ആയതുകൊണ്ടു പല ഗുണങ്ങളുണ്ടായിക്കാണും. കുറച്ച് മെഴുകു മാത്രമായിരിക്കും ആവശ്യം വന്നത്. എടുത്തുകൊണ്ട് നടക്കാനും കൊണ്ടുപോകാനും എളുപ്പം.
ഏറ്റവും ചെറിയ മെഴുകു പ്രതിമ എന്േറതാകും ചിരികൾക്കിടെ ഗിന്നസ് പക്രു പറഞ്ഞു. മമ്മുട്ടി, മോഹൻലാൽ അടക്കം നിരവധി പ്രശസ്ത വ്യക്തികളുടെ മെഴുകുപ്രതിമ നിർമിച്ചിട്ടുള്ള ഹരി രണ്ടുമാസംകൊണ്ടാണ് ഗിന്നസ് പക്രുവിനെ മെഴുകിൽ രൂപപ്പെടുത്തിയത്.
ചെറിയ പ്രതിമ ഉണ്ടാക്കുന്നതിനാൽ ഏറ്റവും സുക്ഷ്മത വേണ്ടിവന്നു. ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തതത് അജയേട്ടന്റെ പ്രതിമയാണ്, ശിൽപി ഹരികുമാർ പറഞ്ഞു.
ഉൗട്ടിയിൽ പുതിയതായി തുറക്കുന്ന തന്റെ മ്യൂസിയത്തിൽ ഗിന്നസ് പക്രുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ശിൽപി പറഞ്ഞു.
നിലവിൽ തേക്കടിയിലാണു മ്യൂസിയം. ഇത് ഉൗട്ടിയിലേക്കു മാറ്റി സ്ഥാപിക്കുകയാണെന്നും അദേഹം പറഞ്ഞു. ജ·നാൾ കൂടിയായ ഇന്നലെ തന്റെ പ്രതിമ അനാഛാദനം നിർവഹിച്ചതിന്റെ ആനന്ദത്തിലായിരുന്നു ഗിന്നസ് പക്രുവും.