സി.അനിൽകുമാർ
പാലക്കാട്: ഇന്ന് ദേശീയ പക്ഷിനിരീക്ഷണദിനം. പരിസ്ഥിതി സ്നേഹിയായ ശ്യാംകുമാർ തേങ്കുറിശ്ശിയുടെ വീട്ടിൽ ഇന്നും കിളികളുടെ തിരക്കുതന്നെ. പതിവുകിളികൾക്കുപുറമെ രണ്ട് അതിഥികൾകൂടി ഈമാസം ശ്യാംകുമാറിന്റെ വീട്ടിലെത്തിയെന്ന വിശേഷംകൂടിയുണ്ട്.പ്രകൃതിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും പറവകൾക്ക് സംരക്ഷണം നൽകുകയും ചെയ്ത് ജനശ്രദ്ധയാകർഷിച്ച ശ്യാംകുമാർ തേങ്കുറുശ്ശിയുടെ വീട്ടു പരിസരമാണ് കിളികൾക്ക് കൂടും ഭക്ഷണവും വെള്ളവുംതേടിയെത്തുന്ന അതിഥികളാൽ നിറഞ്ഞിരിക്കുന്നത്.
ഓരോ പക്ഷികൾക്കും ഓരോ സമയക്രമവുമുണ്ട് ഇവിടെ. രാവിലെ ആറിന് രണ്ട് വണ്ണാത്തിപ്പുള്ളുകളാണ് ആദ്യം വെള്ളംകുടിക്കാനും കുളിക്കാനുമായി എത്തുന്നത്. 7.30 ന് പതിനാലു കരിയിലക്കിളികൾ എത്തും. പിന്നാലെ ഈറ്റപ്പൊളിപ്പൻ കിളികൾ, നാട്ടു ബുൾബുൾ, ഇരട്ടത്തലച്ചി, ചെന്പോത്ത്, പച്ചിലക്കിളികൾ, ചിന്നക്കുട്ടുറുവൻ, നാലുതരം കുയിലുകൾ, വേഴാന്പൽ, തത്തക്കിളി, പ്രാവുകൾ, മൈനകൾ, തുന്നാരൻ, കൊക്കൻതേൻകിളി, മഞ്ഞത്തേൻകിളി, ഓലേഞ്ഞാലി, മീൻകൊത്തി, മയിലുകൾ എന്നിവയും പതിവായിവരുന്നു.
15 പരന്ന മണ്ചട്ടി ചൂടികയറിൽ ഉറിപോലെ കെട്ടിതൂക്കിയാണ് അതിൽ പക്ഷികൾക്ക് വെള്ളം നിറയ്ക്കുന്നത്. സെപ്റ്റംബർ മാസംമുതൽ ചട്ടികളിൽ വെള്ളം നിറച്ചുവെക്കും. മെയ് മാസം 30വരൈ ഈ പ്രക്രിയ തുടരും. വെള്ളംകുടിക്കാൻ വരുന്ന ആറ്റകറുപ്പൻ കിളികളെ പിടിക്കാനായി പുള്ളിപ്പരുന്തും പറന്പിലെ വേങ്ങമരത്തിൽ കൂടുവെച്ചിട്ടുണ്ട്. കടയിൽനിന്ന് ചെറുപഴംവാങ്ങി മരച്ചില്ലകളിൽ കെട്ടിവെക്കും.
കിളികൾ് ഇത് യഥേഷ്ഠം ഭക്ഷിച്ച് വിശ്രമിക്കുന്ന കാഴ്ചയും ഇവിടുത്തെ മനോഹാരിതയാണ്. പേരറിയാത്ത പുതിയ രണ്ട് കിളികൾകൂടി ഇത്തവണയെത്തിയിട്ടുണ്ട്. ഇതിനോടകം നൂറ്റന്പതിൽപരം ഇനത്തിൽപ്പെട്ട പക്ഷികളുടെയും കിളികളെയും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുമുട്ടിക്കാൻ തന്നെ പാടുപെടുന്പോഴും പറവകളുടെ സംരക്ഷണത്തിനു ഈ പച്ച മനുഷ്യൻ പിശുക്കു കാണിക്കാറില്ല. ഇപ്പോൾ പക്ഷിനിരീക്ഷണത്തിനായി ക്യാമറയുംകൈയിലുണ്ട്. പ്രകൃതിയോടും പക്ഷികളോടുമുള്ള സേവനമനോഭാവം കണ്ട് ആലത്തൂർ ഗുരുകുലം സ്കൂൾ മാനേജ്മെന്റ് സമ്മാനിച്ചതാണ് ഈ ക്യാമറ.
ദേശീയ -സംസ്ഥാന പാതയിൽ മരങ്ങൽ നട്ടുപിടിപ്പിക്കുന്ന തേങ്കുറുശ്ശി കരിപ്പൻകുളങ്ങര ശ്യാംകുമാർ ഇതിനോടകം നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണമേറെയാണ്. ഓട്ടോയൊടുന്ന വഴികളിൽ തന്റെ കണ്ണിൽക്കാണുന്ന അപൂർവ്വയിനം പക്ഷിക്കാഴ്ചകൾ ഒപ്പിയെടുത്ത് ശേഖരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്യാംകുമാറിപ്പോൾ.
ഭാര്യയുടെയും സ്കൂൾ വിദ്യാർഥികളായരണ്ടുമക്കളുടെയും പിന്തുണയുമുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ക്ലാസെടുക്കാനും അവിടങ്ങളിൽ കൂടൊരുക്കാനും ഇദ്ദേഹം എപ്പോഴും സമയംകണ്ടെത്തുന്നു. പതിറ്റാണ്ടുകളായി പ്രകൃതിയോടും പക്ഷികൾക്കും വേണ്ടി ജീവിതം മാറ്റിവെച്ച ശ്യാംകുമാരിനെ തേടി വനമിത്ര, ഭൂമിമിത്ര, പ്രകൃതി മിത്ര തുടങ്ങിയ അവാർഡുകളും തേടിവന്നിട്ടുണ്ട്.