
കോതമംഗലം: പക്ഷിപ്പനി ഭീതിയും കൊടുംചൂടും ഇറച്ചിക്കോഴി കർഷകരുടെ നടുവൊടിച്ചു. ഒരു മാസത്തിലേറെയായി ഉല്പാദന ചെലവിന്റെ പകുതിപോലും തിരികെ കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. ചൂടു കനത്തത്തോടെ ഇറച്ചി വിഭവങ്ങളുടെ ഉപഭോഗം കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണം.
ഉല്പാദനത്തിൽ ഉണ്ടായ ഗണ്യമായ വർധനയും വിലയിടിവിന് കാരണമായി. ചൂടുകൂടി തൂക്കത്തിൽ കുറവുവന്നതിനൊപ്പം ഉല്പാദന ചെലവും വർധിച്ചിരിക്കുകയാണ്. ശരീരോഷ്മാവ് താങ്ങാനാകാതെ കോഴികൾ കൂട്ടത്തോടെ ചത്തു വീഴുന്നതും നഷ്ടത്തിന്റെ തോത് കൂട്ടി.
ഇടയ്ക്കിടെ കോഴിക്കുഞ്ഞിന്റെയും തീറ്റയുടേയും വില അനിയന്ത്രിതമായി വർധിക്കുന്നതും ഇറച്ചിക്കോഴി മേഖലയ്ക്ക് തിരിച്ചടിയാണ്. 90 മുതൽ 95 വരെ ഫാമിൽ വില ലഭിച്ചിരുന്ന കോഴിക്ക് കഴിഞ്ഞമാസം അവസാനത്തോടെ 50 രൂപയിൽ താഴെ വിലയെത്തി.
70 മുതൽ 80 രൂപ വരെ ഉല്പാദന ചെലവ് നിലവിൽ ഉള്ളപ്പോഴാണിത്. 5000 ത്തിൽ താഴെ കോഴികളെ വളർത്തുന്ന കോഴി കർഷകർക്ക് പോലും ലക്ഷക്കണക്കിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 1000 കോഴികളെ വളർത്തുന്ന ഒരു കർഷകന് ഏകദേശം 60000 രൂപയോളം നഷ്ടമുള്ളതായി കണക്കാക്കുന്നു.
എണ്ണം കൂടുന്നതിനനുസരിച്ച് നഷ്ടക്കണക്കും ഉയരും. കോഴി ഇറച്ചിക്കും കുഞ്ഞിനും തറവില ഉറപ്പു വരുത്തുകയും തീറ്റയ്ക്കും വൈദ്യുതിക്കും സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ തലത്തിൽ നൽകുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.