ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധയില്ലെന്നും കുട്ടനാട്ടിലെ താറാവുകൾ ചത്തത് ബാക്ടീരിയ ബാധയും കരൾ രോഗവും മൂലമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ. യഥാസമയം ചികിത്സ തേടാത്തതും സ്വയം ചികിത്സയും മരണനിരക്ക് കൂട്ടാൻ കാരണമായി.
ഇതു സംബന്ധിച്ച് മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിന്റെ നിരീക്ഷണം അന്തിമമാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. മേരി ജയിംസ് പറഞ്ഞു.
പക്ഷികളുടെ രോഗ നിർണയത്തിനും പരിശോധനയ്ക്കും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രമാണ് മഞ്ഞാടിയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി.
കഴിഞ്ഞ രണ്ടു തവണയും ജില്ലയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത് ഈ കേന്ദ്രത്തിലായിരുന്നു. ഇതുസംബന്ധിച്ച് കർഷകർക്കുള്ള ആശങ്ക അസ്ഥാനത്താണ്. പലപ്പോഴും താറാവുകൾക്ക് രോഗബാധ ഉണ്ടായാൽ സ്വയം ചികിത്സ നടത്തി പരിഹരിക്കാനാകാതെ വരുന്പോൾ മാത്രമാണ് കർഷകർ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെടുന്നത്.
ഇതുമൂലം മരണ നിരക്ക് കൂടുകയും കൃത്യമായ അളവിലല്ലാതെ അശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം ജനങ്ങളിൽ ആരോഗ്യപ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നു. ഇറച്ചിയിലും മുട്ടയിലും ജലാശയങ്ങളിൽപോലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാം.
പ്രതിരോധ മരുന്നുകൾ ലഭ്യമാണെങ്കിലും രോഗം മൂർഛിച്ചശേഷമാണ് ഇവ നൽകുന്നതെന്നതിനാൽ പ്രയോജനം ലഭിക്കാറില്ല. രോഗലക്ഷണങ്ങൾ കാണുന്പോൾ തന്നെ അധികൃതരെ സമീപിക്കുക എന്നതാണ് പോംവഴി.
നിലവിലെ കണക്കനുസരിച്ച് ചന്പക്കുളത്ത് 4000ഉം കണ്ടങ്കരിയിൽ 800ഉം തലവടിയിൽ 30ഉം താറാവുകൾ ചത്തു. 7.75 ലക്ഷം താറാവുകളാണ് ജില്ലയിലുള്ളത്. 400 ഓളം താറാവുകർഷകരുമുണ്ട്.