കോഴിക്കോട്: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 1266 പക്ഷികളെ കൂടി ഇന്നലെ കൊന്നു. 859 മുട്ടകളും 102.66 കിഗ്രാം തീറ്റയും നശിപ്പിച്ചു.
169 വീടുകളിലാണ് ദ്രുതകര്‍മ്മ സേന ഇന്നലെ സന്ദര്‍ശനം നടത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാവുകയും സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു.
വേങ്ങേരി പ്രദേശത്തെ ഒരു കൂട്ടമാളുകള്‍ ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയിരുന്നു.
പക്ഷികള്‍ക്ക് രോഗമില്ലെന്നു പറഞ്ഞാണ് പ്രദേശവാസികള്‍ ദ്രുത കര്‍മസേനയെ തടഞ്ഞത്. ഇന്നു മുതല്‍ വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഒരു പോലീസ് ഓഫീസറും ഓരോ ഗ്രൂപ്പിനൊപ്പവുമുണ്ടാകും.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കളക്ടര്‍ പറഞ്ഞു.
രോഗബാധിത പ്രദേശത്തു നിന്നും മാറ്റിയ പക്ഷികളെ ഇന്ന് പോലീസ് അകമ്പടിയോടെ ദ്രുതകര്‍മ്മസേന അവിടെയെത്തി ഏറ്റെടുത്ത് നശിപ്പിക്കും.
ഇത്തരത്തില്‍ പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ഇത് രോഗവ്യാപന സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കും.