മുക്കം: കാരശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തി. കാരമൂല സുബുലുൽ ഹുദാ മദ്രസയുടെ മുൻപിലെ മരത്തിൽ താമസിക്കുന്ന വവ്വാലുകളെയാണ് ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്.
കാരശേരിയുടെ സമീപ പ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉണ്ട്.
ആരോഗ്യ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ടങ്കിലും അവരാരും എത്തിയിട്ടില്ലന്നും പരാതിയുണ്ട്. നാട്ടുകാരോട് തന്നെ സംസ്കരിക്കാൻ നിർദേശിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിനും കാരണമായി.
സംഭവം പക്ഷിപ്പനി ആണോ എന്ന് പരിശോധിച്ച് ആശങ്ക അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊടിയത്തൂരിൽ അടക്കം പക്ഷിപ്പനി പകർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. നിപ്പ വൈറസടക്കം പകർന്നത് വവ്വാലുകളിൽ നിന്നായിരുന്നു.