കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ 2058 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
പ്രവര്‍ത്തനം ആരംഭിച്ച ഞായറാഴ്ച 1700 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രണ്ടു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 3,760 പക്ഷികളെയാണ് കൊന്നൊടുക്കി.
നിലവില്‍ 25 റാപിഡ് റെസ്പോണ്‍സ് ടീ(ആര്‍ആര്‍ടി)മാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. 7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ചകൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്. ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മാവൂര്‍ ഭാഗത്തുനിന്ന് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ലെന്നും അറിയിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനുള്ള കണ്ട്രോള് റൂം നമ്പറുകള്‍ – ഡിഎം സെല്‍ (ടോള്‍ഫ്രീ) 1077. അനിമല്‍ ഹസ്ബൻഡറി 0495 2762050.