ഇന്ത്യയിലേക്കുള്ള വ്യാപാരദൗത്യങ്ങള് പ്രതീക്ഷിച്ചത്ര ക്ലച്ച് പിടിക്കാത്തതിനെ തുടര്‍ന്ന് ബ്രിട്ടന് ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക് റൂട്ട് തിരിച്ച് വിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനും മിനിസ്റ്റര്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസിഫിക്കുമായ അലോക് ശര്‍മ പാക്കിസ്ഥാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പോയിരിക്കുകയാണ്. ഇന്ത്യയുമായി കൂടിയിട്ട് കാര്യമില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് ബ്രിട്ടന്, പാക് മനസ് പിടിക്കാന്‍ ഇന്ത്യന്‍ വേരുകളുള്ള മന്ത്രിയെ തന്നെ പാക്കിസ്ഥാനിലേക്ക് അയച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ മന്ത്രി അലോക് ശര്‍മ നടത്തുന്ന പാക്ക് സന്ദര്‍ശനം പാക്ക്-ബ്രിട്ടീഷ് ബന്ധത്തില്‍ ഉണര്‍വേകിയിരിക്കുകയാണ്. വ്യാപാരം വര്‍ധിപ്പിക്കാനായി ഈ സന്ദര്‍ശനത്തിനിടെ ശര്‍മ പാക്ക് സര്‍ക്കാരുമായും ബിസിനസ് മേധാവികളുമായും വിശദമായ ചര്‍്ച്ച നടത്തുകയും ചെയ്യും.
ഇതിനായി ഇസ്ലാമബാദിലും കറാച്ചിയിലുമായി അദ്ദേഹം രണ്ട് ദിവസമാണ് തങ്ങുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് കടക്കാനൊരുങ്ങുന്ന ബ്രിട്ടന് യൂണിയന് പുറത്തുള്ള വിവിധ രാജ്യങ്ങളുമായി പരമാവധി വ്യാപാരക്കരാറുകള്‍ ഉണ്ടാക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫോറിന് സെക്രട്ടറി ബോറിസ് ജോണ്സണ് പാക്കിസ്ഥാന് സന്ദര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും വന്‍തോതില്‍ വ്യാപാരസഹകരണത്തിലേര്പ്പെടാമെന്ന നീക്ക് പോക്കുണ്ടാവുകയും ചെയ്തിരുന്നു.
ഇസ്ലാമബാദില്‍ വച്ച് ശര്‍മ ഫോറിന് പോളിസി ചീഫായ സര്‍താജ് അസീസ്, കോമേഴ്സ് മിനിസ്റ്റര്‍ ഖുറം ദാസ്റ്റ്ഗിര് ഖാന്,മിനിസ്റ്റര്‍ ഫോര്‍ പ്ലാനിങ് അഷാന്‍ ഇക്ബാല്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈന പാക്കിസ്ഥാന് എക്കണോമിക് കോറിഡോര്‍ മുഷാഹിദ് ഹുസൈന് സയിദ്,ഹ്യൂമന്‍ റൈറ്റ്സ് മിനിസ്റ്റര്‍ കംമ്രാന്‍ മൈക്കല്‍ എന്നിവരുമായും ശര്‍മ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കറാച്ചി സന്ദര്‍ശനത്തിനിടെ ശര്‍മ സിന്ധ് മുഖ്യമന്ത്രി മുറാദ് അലിഷാ, പാക്കിസ്ഥാന് ബിസിനസ് ലീഡര്‍മാര്‍ ബ്രിട്ടീഷ് ബിസിനസുകള്‍ എന്നിവയുമായും കൂടിക്കാഴ്ച നടത്തും. ഗ്ലാസ്കോസ്മിത്ത്ലൈന്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, റീട്ടെയിലര്‍ ടീം എ വെന്‍ച്വേര്‍സ്, ടിസിഎസ് കൊറിയര്‍ സര്‍വീസ്, പാക്കിസ്ഥാന് ബിസിനസ് കൗണ്‍സിലിലെ അംഗങ്ങള്‍ ,തുടങ്ങിയവരാണ് ഈ ചര്‍ച്ചയില്‍ ശര്‍മയുമായി ഭാഗഭാക്കാകുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം എത്തരത്തില്‍ പുഷ്ടിപ്പെടുത്താമെന്നായിരിക്കും ഇതിലെ പ്രധാന വിഷയം.