കോട്ടയം: പാലാ നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിലടിച്ചു. സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൊല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പുളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
സംഘർഷത്തിൽ ബൈജുവിന് തലയ്ക്ക് പരിക്കേറ്റു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.ദീർഘകാലത്തിന് ശേഷമാണ് പാലാ നഗരസഭയിൽ എൽഡിഎഫ് ഭരണം വരുന്നത്.
കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിൽ എത്തിയതിന് പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം ഇടതു മുന്നണി പിടിക്കുകയായിരുന്നു. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റതു മുതൽ സിപിഎം-കേരള കോണ്‍ഗ്രസ്-എം തർക്കം പതിവായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കേയുണ്ടായ തർക്കം പരിഹരിക്കാൻ എൽഡിഎഫ് ജില്ലാ നേതൃത്വം ഇടപെടുമെന്നാണ് സൂചന.