പാലാ: കുളിക്കുന്നതിനിടെ ളാലംതോട്ടിൽ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന യുവതികളിൽ ഒരാൾ മരിച്ചു.
പാലായില്‍ സ്ലോലെസ് ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായ മധ്യപ്രദേശ് സ്വദേശിനി നെഹയാണു മരിച്ചത്. പാലാ സ്റ്റേഡിയത്തിന് സമീപം ളാലം തോട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
നെഹയോടൊപ്പം കുളിക്കാനിറങ്ങിയ സഹപ്രവർത്തകരായ ബിന്ധ്യ, രണ്‍ബീര്‍, സുജുലാല്, ചന്ദ്ര് എന്നിവർ രക്ഷപ്പെട്ടു.
ശക്തമായ ഒഴുക്കുള്ള ഇവിടെ കുളിക്കുന്നത് സമീപവാസിയായ വീട്ടമ്മ വിലക്കിയിരുന്നുവെങ്കിലും തങ്ങള്‍ക്ക് നീന്തല്‍ വശമുണ്ടെന്ന് പറഞ്ഞ് ഇവർ തോട്ടിലിറങ്ങി.
കുറച്ചു സമയത്തിനകം നെഹയും (31), ബിന്ധ്യയും (28) ഒഴുക്കില്‍പ്പെടുകയായിരുന്നു.
ബിന്ധ്യ തോട്ടിലെ ചെടിയില്‍ പിടിച്ചുകിടന്നെങ്കിലും നെഹ 150 മീറ്ററോളം താഴോട്ട് ഒഴുകിപ്പോയി.
ഇതേസമയം സ്റ്റേഡിയത്തില്‍ ജില്ലാ സ്പോര്‍ട്സ് ഹോസ്റ്റലിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നടക്കുകയായിരുന്നു.
നിലവിളികേട്ട് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എസ്. മനോജ്, സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ പരിശീലകന് വേണുഗോപാലൻനായർ, അത്ലറ്റിക് പരിശീലകന് ബൈജു ജോസഫ് എന്നിവർ പുഴക്കരയിലേക്ക് ഓടിയെത്തുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ ഇവര്‍ കാണുന്നത് ആറിനോട് ചേര്‍ന്ന് നില്ക്കുന്ന മരത്തില്‍ നിന്നുള്ള വള്ളിയില്‍ തൂങ്ങി നില്ക്കുന്ന മൂന്നു പേരെയും സമീപത്ത് കമിഴ്ന്ന നിലയില്‍ കിടക്കുന്ന മറ്റൊരാളെയുമാണ്.
എല്ലാവരും നിസഹായമായി കരയ്ക്കു നില്ക്കുമ്പോള് വേണുഗോപാലും ബൈജു ജോസഫും ഏതാണ്ട് 30 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ നിന്ന് ആറ്റിലേക്കു ചാടി യുവതിയെ കരയ്ക്കെത്തിക്കുകയായിരുന്നു.
തീർത്തും അവശ നിലയിലായിരുന്ന യുവതിക്കു ഇവർ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.