പാലാ: പാലാ ടൗണിലെ ലോട്ടറി വില്പനക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രണ്ടു ദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു.
ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐഐഐടിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്നലെ കണ്ടെത്തിയത്. വലവൂര്‍ സ്വദേശി പ്രീതി (31) ആണു മരിച്ചത്.
മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണു കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയനിലയിലാണ്. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിൽ വിവസ്ത്രമായാണു പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസം മുന്‍പു കാണാതായ ലോട്ടറി വില്‍പ്പനക്കാരനായ പ്രകാശനെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ വീടിനു സമീപം കണ്ടെത്തിയിരുന്നു.
ഇവരെ കാണാനില്ലെന്നു പരാതി ലഭിച്ചിരുന്നു. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.