കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെയും പരാജയത്തിന്റെയും കണക്കുകൂട്ടലുകൾക്കിടയിൽ രാഷ്ട്രീയ പാർട്ടികൾ കരുക്കൾ നീക്കുന്നത് പാലായിലേക്ക്. കെ.എം.മാണി അന്തരിച്ച ഒഴിവിൽ പാലായിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇനി എല്ലാവരുടെയും ശ്രദ്ധ. കോട്ടയത്ത് ദയനീയ തോൽവി നേരിട്ട സിപിഎം പാലാ സീറ്റ് എൻസിപിക്ക് നല്കുമോ അതോ സിപിഎം എടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
പാലാ സീറ്റ് എൻസിപിയിൽ നിന്ന് ഏറ്റെടുക്കാൻ സിപിഎമ്മിനു താൽപര്യമുണ്ടായ സാഹചര്യത്തിലാണ് അടുത്തയിടെ ഒരു വിഭാഗം എൻസിപിക്കാർ മാണി സി കാപ്പനെ വീണ്ടും സ്ഥാനാർഥിയാക്കാൻ ഒരു മുഴം മുന്നേ പ്രഖ്യാപനം നടത്തിയത്. ലോക്സഭയിലെ യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ പശ്ചാത്തലത്തിൽ എൻസിപിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാൻ സിപിഎമ്മിന് താൽപര്യമുണ്ടാകാനിടയില്ല.
അതേ സമയം മുൻപ് ഉണ്ടാകാത്ത തരത്തിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. തോമസ് ചാഴികാടനെ അനുമോദിക്കാൻ അടുത്തയാഴ്ച കോട്ടയത്ത് യുഡിഎഫ് യോഗം ചേരുന്നതിനൊപ്പം ഉപതെരഞ്ഞെടുപ്പു സംബന്ധിച്ചും പ്രാഥമിക ചർച്ച തുടങ്ങും. പാലായിൽ തോമസ് ചാഴികാടൻ നേടിയ 33,472 എന്ന ചരിത്രഭൂരിപക്ഷത്തിന്റെ തിളക്കം ഉപതെരഞ്ഞെടുപ്പിലും മുന്നണിക്കു നേട്ടമാകും.
രണ്ടാം സ്ഥാനത്തെത്തിയ വിഎൻ വാസവന് ലഭിച്ചത് 33,499 വോട്ടുകൾ മാത്രം. അതായത് ചാഴികാടൻ നേടിയ വോട്ടുകളുടെ നേർപ്പകുതി. ബിജെപിയുടെ ബലത്തിൽ പേഴ്സണൽ വോട്ടുകളിൽ പ്രതീക്ഷ വച്ച പിസി തോമസിന് ലഭിച്ചത് 26,533 വോട്ട്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലമുണ്ടായിരുന്ന കാലങ്ങളിൽ നൽകിയിരുന്ന പിൻബലം കണക്കുകൂട്ടൽപോലെ പാലായിൽ പിസി തോമസിനു ലഭിച്ചില്ല.
എൻസിപിയിലെ മാണി സി കാപ്പനെതിരെ 2014ൽ കെഎം മാണിക്കു ലഭിച്ചത് 4703 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിലവിലെ സാഹചര്യത്തിൽ പാലായിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വലിയ മുൻതൂക്കത്തിന് സാധ്യത തെളിയുന്നു. കേരള കോണ്ഗ്രസ് എമ്മിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെങ്കിലും ജോസ് കെ മാണിയുടെ താൽപ്പര്യത്തിനാകും മേൽക്കൈ. കാരണം കെഎം മാണിയുടെ ഒഴിവിൽ പാലായിലേക്കാണ് തെരഞ്ഞെടുപ്പ്.
മണ്ഡലപുനർവിഭജം വന്നതിനുശേഷം പാലാ മണ്ഡലത്തിൽ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ കെഎം മാണി കടുത്ത മത്സരം നേരിട്ട തെരഞ്ഞെടുപ്പുകളുണ്ട്. കോണ്ഗ്രസും കേരള കോണ്ഗ്രസും തമ്മിലുള്ള പ്രാദേശിക ഭിന്നതകൾ ആ ഇലക്ഷനിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും പുലർത്തിയ അപാരമായ യോജിപ്പാണ് റിക്കോർഡ് ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. യുഡിഎഫ് കണക്കുകൂട്ടിയ 15,000 വോട്ടുകളുടെ ഇരട്ടിയിലേറെ ഭൂരിപക്ഷം തോമസ് ചാഴികാടന് ലഭിച്ചു.എൻഡിഎയ്ക്കൊപ്പം ചേർന്ന പിസി ജോർജിന്റെ ജനപക്ഷം സെക്കുലറിന് പാലായിൽ മത്സരിക്കാൻ ഒരു കണ്ണും കണക്കുകൂട്ടലുമുണ്ടായിരുന്നു.
പിസി ജോർജിന്റെ പൂഞ്ഞാർ മണ്ഡലത്തിനുള്ള സാമിപ്യവും പാലാ മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ സെക്കുലറിന് ആൾബലമുണ്ടെന്ന വാദവുമായിരുന്നു ഈ താൽപ്പര്യത്തിനു പിന്നിൽ.ഇലക്ഷൻ പ്രഖ്യാപനത്തിനു മുൻപേ നടത്തിയ പിസി ജോർജിന്റെ പ്രസ്താവനയെയും അവകാശവാദത്തെയും ബിജെപി വിമർശിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ജനപക്ഷം പാലായിലേക്ക് ഇനി കണ്ണെറിയാൻ സാധ്യതയില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കേരള കോണ്ഗ്രസ് – എം ചെയർമാൻ, നിയമസഭാ കക്ഷി നേതാവ് പദവി ആർക്കെന്നതിലെ അനിശ്ചിതത്വത്തിന് പരിഹാരമുണ്ടാകണം. വിട്ടുവീഴ്ചയിലും ധാരണയിലും പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നില്ലെങ്കിൽ വീണ്ടും പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമാകും.