കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ്-എം സ്ഥാനാർഥിയെ ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. സ്ഥാനാർഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് റോഷിയുടെ പ്രതികരണം.
സ്ഥാനാർഥിയെ നിർണയിക്കാൻ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ. മാണിയെയാണ്. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തർക്കങ്ങൾക്ക് പ്രസക്തിയില്ല. സീറ്റ് ആർക്കാണെന്ന് എല്ലാവർക്കും അറിയാമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്ഥാനാർഥിയെ പാർട്ടിക്കകത്ത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. മാണി കുടുംബത്തിൽനിന്ന് തന്നെയാണോ സ്ഥാനാർഥി എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ സീറ്റിൽ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോൺഗ്രസ്-എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്-എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.