കോട്ടയം: പാലാ നാളെ ബൂത്തിലേക്ക്. ഇന്നലെയും ഇന്നും നിശബ്ദ പ്രചാരണം. ഉപതെരഞ്ഞെടുപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശം ശ്രീനാരായണ സമാധി പ്രമാണിച്ചു രാഷ്്ട്രീയ പാർട്ടികൾ ഒരു ദിവസം നേരത്തെ നടത്തി. ഇന്നലെയും ഇന്നും സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും വോട്ടർമാരെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഇന്നും വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമിക്കുക.
പാലാ നിയോജക മണ്ഡലത്തിൽ 13 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ മുഴുവൻ സമ്മതിദായകരെയും പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിക്കഴിഞ്ഞു. പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കാൻ പുതിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച എം മൂന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റുകളും ഫസ്റ്റ് ലെവൽ ചെക്കിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
ഫസ്റ്റ് ലെവൽ ചെക്കിംഗ് കഴിഞ്ഞ അഞ്ച് ശതമാനം മെഷീനുകളിൽ 1000 വോട്ട് വീതം ചെയ്തു മോക്ക് പോൾ വിജയകരമായി പൂർത്തിയാക്കി. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണു വോട്ടിംഗ് മെഷീനിൽ ഉപയോഗിച്ചിട്ടുള്ളത്. പോളിംഗ് ബൂത്തുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും റാന്പുകൾ നിർമിച്ചു.
മഴയുടെ ആധിക്യം പരിഗണിച്ചു എല്ലാ പോളിംഗ് ബൂത്തുകളിലും ഷേഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ടോയ്ലെറ്റ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇലക്ഷൻ നടപടിക്രമങ്ങൾ, മെഷീൻ തകരാറുകൾ, കൃത്യമായ ഇടവേളകളിലെ പോളിംഗ് ശതമാനം തുടങ്ങിയവ മേലുദ്യോഗസ്ഥരെ അറിയിക്കാം.
നാളെ അവധി
സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനു വേതനത്തോടുകൂടി അവധി അനുവദിക്കണമെന്ന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. പാലാ നിയോജക മണ്ഡലത്തിൽ വോട്ടവകാശമുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധി അനുവദിക്കുവാനും സർക്കാർ ഉത്തരവായിട്ടുണ്ട്. പാലാ നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ
മണ്ഡലത്തിലെ 176 പോളിംഗ് ബൂത്തുകളിലായി രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു വരെയാണു പോളിംഗ്. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ട്. രാവിലെ ആറിനു തെരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ ആരംഭിക്കും. വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടു മുതൽ മണ്ഡലത്തിലെ വിതരണകേന്ദ്രമായ പാലാ കാർമൽ പബ്ലിക് സ്കൂളിലെ വിതരണ കേന്ദ്രത്തിൽനിന്നും ആരംഭിക്കും.
നാളെ വരെ മദ്യനിരോധനം
വോട്ടെടുപ്പ് സമാപിക്കുന്നതിനു മുന്പുള്ള 48 മണിക്കൂറിൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങൾ നടത്തരുത്. രാഷ്ട്രീയ സ്വഭാവമുള്ള ബൾക്ക് എസ്എംഎസുകളും റേഡിയോ സന്ദേശങ്ങളും മറ്റു മാധ്യമപ്രചാരണങ്ങളും നിരോധിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസമായ നാളെ വൈകുന്നേരം ആറു വരെ ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി.
പുതുമകൾ പലത്
എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീൻ ഉണ്ടെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കാഴ്ച ശക്തി കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വോട്ട് ചെയ്യുന്നതിനുള്ള സഹായം, വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്ത്, അഞ്ചു മാതൃകാ പോളിംഗ് ബുത്തുകൾ എന്നിവയും മണ്ഡലത്തിൽ ഒരുക്കിയിട്ടുണ്ട്.
വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വനിതകൾ ആയിരിക്കും. ഈ ബൂത്തുകളിൽ പോളിംഗ് ഏജന്റായി വനിതകളെ നിയമിക്കാൻ സ്ഥാനാർഥികളോട് അഭ്യർഥിച്ചിട്ടുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടൊപ്പം വനിതാ കാത്തിരിപ്പ് കേന്ദ്രം, ഫീഡിംഗ് റൂം, കുട്ടികൾക്കുള്ള ക്രഷ് തുടങ്ങിയ സൗകര്യങ്ങൾ എന്നിവ മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. നാട്ടിൽ ഇല്ലാത്ത വോട്ടർമാരുടെയും മറ്റും വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ ഡ്യൂപ്ലിക്കേഷൻ, കള്ളവോട്ട് എന്നിവ ഒഴിവാക്കാൻ ഇത്തരം സംവിധാനം പ്രയോജനപ്പെടും.
തിരിച്ചറിയൽ രേഖകൾ
ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പ് വിതരണം പൂർത്തിയായി. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തി സ്ലിപ്പുകൾ ലഭ്യമാക്കും. സ്ലിപ്പ് പാർട്ട് നന്പർ അറിയുന്നതിനായി മാത്രമേ ഉപയോഗിക്കാവൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സർവീസ് ഐഡന്റിറ്റി കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻകാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്, ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എംപി, എംഎൽഎമാരുടെ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ എതെങ്കിലും തിരിച്ചറിയിൽ രേഖയായി പോളിംഗ് ബൂത്തിൽ ഉപയോഗിക്കാം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
സംസ്ഥാന ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ, സർവകലാശാലാ ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ ആയിരത്തിഇരുനൂറോളം ജീവനക്കാരെ പരിശീലനം നൽകി വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്.
പോലീസ് സംവിധാനം
സുരക്ഷ ഉറപ്പു വരുത്തുന്നതിനു കേന്ദ്രസേന ഉൾപ്പെടെ 700 ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നു. ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ, ഏഴ് സിഐമാർ, 45 എസ്ഐമാരും നേതൃത്വം നൽകും. 396 കോണ്സ്റ്റബിൾമാരും ഡ്യൂട്ടിയിലുണ്ട്. 240 കേന്ദ്ര സേനാംഗങ്ങളും ജില്ലയിൽ ജാഗ്രത പുലർത്തുന്നു.
സ്ക്വാഡുകളും കമ്മിറ്റികളും
മൂന്നു ഫ്ളയിംഗ് സ്ക്വാഡുകൾ, 24 സ്റ്റാറ്റിക് സർവയലൻസ് ടീം, നാല് വീഡിയോ സർവയലൻസ് ടീം, വീഡിയോ വ്യൂവിംഗ് ടീം, എംസിസി എന്നിവയുടെ പ്രവർത്തനങ്ങളും ഉൗർജിതമായി നടക്കുന്നു. എംസിസിയുടെ കീഴിൽ രണ്ടു ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും പ്രവർത്തിക്കുന്നുണ്ട്. പോലീസ്, എക്സൈസ്, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധകളും നടന്നുവരുന്നു.
പോളിംഗ് ബൂത്തുകൾ
ആകെ പോളിംഗ് ബൂത്തുകൾ 176. വനിതാ നിയന്ത്രിത ബൂത്തുകൾ ഒന്ന്, മാതൃക ബൂത്തുകൾ അഞ്ച്, ക്രിട്ടിക്കൽ ബൂത്തുകൾ മൂന്ന്, സെൻസിറ്റീവ് ബൂത്തുകൾ രണ്ട് എന്നിങ്ങനെയാണുള്ളത്. ക്രിട്ടിക്കൽ സെൻസിറ്റീവ് ബൂത്തുകളിലെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോ റിക്കാർഡിംഗ് നടത്തും. ലൊക്കേഷനുകളിൽ മൈക്രോ ഒബ്സർവർമാരുടെ നേരിട്ടുള്ള നിരീക്ഷണവും ഉണ്ടായിരിക്കും.
വോട്ടർമാർ
മണ്ഡലത്തിൽ ആകെ 1,79,107 വോട്ടർമാരാണുള്ളത്. ഇതിൽ 87,729 പുരുഷൻമാരും 91,378 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ വോട്ടർ പട്ടികയിൽ 89 ഓവർസീസ് വോട്ടർമാരും 152 സർവീസ് വോട്ടർമാരുമുണ്ട്. സർവീസ് വോട്ടർമാർക്ക് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് (ഇടിപിബിഎസ്) നൽകിയിരിക്കുന്നത്.
സ്ട്രോംഗ് റൂം
പാലാ കാർമൽ പബ്ലിക് സ്കൂളിൽ സജീകരിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിലാണു വോട്ടിംഗിനുശേഷം തിരികെ ലഭിക്കുന്ന മെഷീനുകൾ സൂക്ഷിക്കുന്നത്. സ്ട്രോംഗ് റൂമിൽ 24 മണിക്കൂറും സിസിടിവി സർവയലൻസ്, ഫയർ സുരക്ഷ, കേന്ദ്രസേനയുടെ (സിഎപിഎഫ്) നിരീക്ഷണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സ്ട്രോംഗ് റൂമിന് മജിസ്റ്റീരിയൽ അധികാരത്തോടെ 24 മണിക്കൂറും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. 23 മുതൽ സ്ഥാനാർഥികൾക്കോ അവരുടെ ഏജന്റുമാർക്കോ സ്ട്രോംഗ് റൂം സെക്യൂരിറ്റി പരിശോധിക്കുന്നതിനായി സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ
വോട്ടെണ്ണൽ 27നു പാലാ കാർമൽ പബ്ലിക് സ്കൂളിൽ നടക്കും. 14 ടേബിളുകളിലായി 13 വീതം റൗണ്ടാണു വോട്ടെണ്ണലിനായി നിശ്ചിയിച്ചിരിക്കുന്നത്. 176 പോളിംഗ് സ്റ്റേഷനുകളിലെയും ഇവിഎം കൗണ്ടിംഗിനുശേഷം അഞ്ച് പോളിംഗ് സ്റ്റേഷനിലെ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകൾ സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ സാന്നിധ്യത്തിൽ നറുക്കിട്ടാണു തീരുമാനിക്കുന്നത്.
ഇവിഎം, വിവിപാറ്റ് സ്ലിപ്പുകൾ എന്നിവ എണ്ണി തിട്ടപ്പെടുത്തി സുവിധ സോഫ്റ്റ്വേറിൽ അപ്ലോഡ് ചെയ്തതിനുശേഷം ഇലക്ഷൻ കമ്മീഷന്റെ അനുമതിയോടെ ഇലക്ഷൻ ഫലപ്രഖ്യാപനം നടത്തൂ.
പ്രചാരകർ പുറത്ത്
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിനു പുറത്തുനിന്ന് എത്തിയിട്ടുള്ള മണ്ഡലത്തിലെ വോട്ടറല്ലാത്ത എല്ലാ രാഷ്ട്രീയ പ്രചാരകരും പോകണം. പോളിംഗ് സ്റ്റേഷന്റെ 200 മീറ്ററിനപ്പുറം മാത്രമെ പാർട്ടികളുടെ ബൂത്ത് സ്ഥാപിക്കാവൂ. പോളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളിൽ വോട്ട് തേടുവാൻ പാടില്ല. പോളിംഗിനുവേണ്ടി വോട്ടർമാരെ സ്ഥാനാർഥികളോ സ്ഥാനാർഥികളുടെ പ്രതിനിധികളോ വാഹനങ്ങളിൽ എത്തിക്കരുത്.പോളിംഗ് ഏജന്റുമാർ പോളിംഗ് സ്റ്റേഷനുള്ളിൽ മൊബൈൽ ഫോണ് ഉപയോഗിക്കാൻ പാടുള്ളതല്ല. ഇലക്ഷൻ ദിവസം വോട്ടർമാർ അല്ലാതെ സ്ഥാനാർഥി, സ്ഥാനാർഥിയുടെ ചീഫ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമെ ബൂത്തിൽ പ്രവേശനം അനുവദിക്കു. പോളിംഗ് സ്റ്റേഷന്റെ 200 മീറ്ററിനുള്ളിൽ പോസ്റ്റർ, ബാനർ, ചുമരെഴുത്ത് എന്നിവ പാടില്ല.