പാലാ: സ്ഥാനാർഥികൾക്കായി ചുവരുകൾ ബുക്കു ചെയ്യുന്നതിനൊപ്പം വോട്ടർമാരുടെ മനസും വോട്ടും ബുക്കു ചെയ്ത് മുന്നണികൾ പാലായിലെ തെരഞ്ഞെടുപ്പു ഗോദയിൽ സജീവമായി. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.
യുഡിഎഫും എൽഡിഎഫും എൻഡിഎയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായുള്ള ഓഫീസുകൾ തുറുന്നു കഴിഞ്ഞു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള ചുവരുകൾ തങ്ങളുടെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിക്കാുള്ള തയാറെടുപ്പിലാണ് പാർട്ടി പ്രവർത്തകർ.
മൂന്നു മുന്നണികളുടെയും തിരക്കിട്ട യോഗങ്ങളും ചർച്ചകളും ഇന്നലെയും പാലായിലും കോട്ടയത്തുമായി നടന്നു. എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യുഡിഎഫിൽ ചർച്ച ഇന്നും തുടരുകയാണ്. എൻഡിഎയുടെ സ്ഥാനാർഥിയുടെ കാര്യം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറിയാമെന്നാണ് നേതാക്കൾ പറയുന്നത്.
ചുവരുകൾ എല്ലാം ബുക്ക്ഡ്
പാലാ: മണ്ഡലത്തിന്റെ മുക്കിലൂം മൂലയിലുമുള്ള ചുവരുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് പാർട്ടി പ്രവർത്തകർ. കണ്ണായ സ്ഥലങ്ങളിലെ പല ചുവരുകളും ആദ്യം ബുക്കു ചെയ്യുകയാണ് ലക്ഷ്യം. ഉപതെരഞ്ഞെടുപ്പ് വരുമെന്ന് അറിയാമായിരുന്നുവെങ്കിലും അതിവേഗം എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചുമില്ല. പല രാഷ്ട്രീയ കക്ഷികൾക്കും ലോകസഭ തെരഞ്ഞെടുപ്പിനായി എഴുതിവച്ച മതിലുകൾ ഉണ്ടെങ്കിലും പലതും കുമ്മായം പൂശി വൃത്തിയാക്കി കഴിഞ്ഞിരിക്കുന്നു മഴയും വെയിലുമേറ്റ് പല മതിലുകളും വൃത്തികേടായി.
മൂന്നു മുന്നണികളും മണ്ഡലത്തിലെ കണ്ണായസ്ഥലങ്ങളിലെ മതിലുകളിലെല്ലാം തങ്ങളുടെ പ്രാതിനിധ്യം അറിയിക്കുന്ന അടയാളങ്ങൾ പതിപ്പിച്ചു കഴിഞ്ഞു. ചുവരെഴുത്ത് തൊഴിലാളികളെല്ലാം പുതിയ എഴുത്തുകൾക്ക് തയാറെടുത്തു കഴിഞ്ഞു. മഴ പൂർണമായും മാറാത്തതുമൂലം പല തൊഴിലാളികളും ചുമരെഴുത്തിന്റെ കാര്യത്തിൽ ആശങ്കയിലുമാണ്. ചുവരുകൾ ബുക്കു ചെയ്തെങ്കിലും ഒരു മുന്നണിക്കും സ്ഥാനാർഥിയായിട്ടില്ലെന്നതാണ് യാഥാർഥ്യം.
യുഡിഎഫിൽ ചർച്ചകൾ തുടരുന്നു
കോട്ടയം: യുഡിഎഫിന്റെ നിർദേശമനുസരിച്ച് കേരള കോണ്ഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചർച്ച തുടരുകയാണ്. കേരള കോണ്ഗ്രസ് എമ്മിലെ ചിഹ്നം, ചെയർമാൻ സംബന്ധിച്ചുള്ള കേസുകൾ കോടതി നീട്ടിവയ്ക്കുകയും ചെയ്തു. നിഷ ജോസ് കെ.മാണി, ബാബു സെബാസ്റ്റ്യൻ, ഇ.ജെ.ആഗസ്തി, ഫിലിപ്പ് കുഴികുളം എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇതിനിടയിൽ ജോസ് കെ.മാണി സ്ഥാനാർഥിയാകണമെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത കോണ്ഗ്രസ് നേതൃയോഗം ഡിസിസിയിൽ ചേർന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കേരള കോണ്ഗ്രസിലെ തർക്കങ്ങളും ചർച്ച ചെയ്തു. കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം ഇന്നലെ പാലാ കുരിശുപള്ളി കവലയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനായി സ്ഥലം എടുക്കുകയും ഓഫീസ് തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
പാലായിൽ വാടക വീടുകൾക്ക് പ്രിയമേറെ
പാലാ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലും വാടക വീടുകൾക്ക് പ്രിയമേറി.സംസ്ഥാനത്ത് നടക്കുന്ന ഒരേ ഒരു ഉപതെരഞ്ഞെടുപ്പ് ആയതിനാൽ എല്ലാ പ്രമുഖരാഷ്ടീയ പാർട്ടികളുടേയും, മാധ്യമങ്ങളുടേയും ശ്രദ്ധ പാലായിലാണ്. എല്ലാ മുന്നണികളുടേയും അഭിമാന പോരാട്ടം ആയതിനാൽ നേതാക്കൾക്കും ശ്രദ്ധ പുലർത്തിയേ മതിയാവു. മാധ്യമ പ്രതിനിധികളും,വിവിധ രാഷ്ട്രീയ കക്ഷികളുമാണ് വാടക വീടുകൾ തേടി നടക്കുന്നത്. ഇതിനാലാവാം കെട്ടിട ഉടമകളും കരുതിത്തന്നെയാണ്.
വീടുകളുടെ തുക നിശ്ചയിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കായികോത്സവം നടന്നപ്പോഴാണ് പാലാ ഒന്നു ശ്രദ്ധേയമായത്. സിപിഎം ഓരോ പഞ്ചായത്തിലും വാടക വീടുകൾ ബുക്കു ചെയ്തു കഴിഞ്ഞു. കൂടാതെ പാർട്ടി പ്രവർത്തകരുടെ വീടുകളിലും ആളുകൾക്ക് സൗകര്യമൊരുക്കും. യുഡിഎഫും എൻഡിഎയും ഫ്ളാറ്റുകളും വില്ലകളും ഒക്കെ ബുക്കു ചെയ്തു കഴിഞ്ഞു. പ്രമുഖ ഹോട്ടലുകളും ലോഡ്ജുകളും ബുക്കു ചെയ്തിട്ടുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും ടൗണിലേയും അരുണാപുരത്തേയും റസ്റ്റ് ഹൗസുകളാണ് താമസിക്കാം.
എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നു വൈകുന്നേരമറിയാം
കോട്ടയം: ഇടതുമുന്നണിയുടെ സംസ്ഥാന നേതൃയോഗം ഇന്നു വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സീറ്റ് എൻസിപിക്കു തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണനും മാണി സി. കാപ്പനെയാണ് പരിഗണിക്കുന്നതെന്ന് എൻസിപി സംസ്ഥാന നേതൃത്വവും ഇന്നലെയും ആവർത്തിച്ചിരുന്നു. എൻസിപി ജില്ലാ നേതൃത്വവും മാണി സി. കാപ്പന്റെ പേര് സ്ഥാനാർഥിയായി നിർദേശിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മി്റ്റിയോഗം ഇന്നലെ ചേർന്ന്് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇടതുമുന്നണി ഇലക്്്ഷൻ ഓഫീസ് സിപിഎം പാലാ ഓഫീസിൽ തന്നെ ആരംഭിക്കാനാണ് തീരുമാനം.