കോട്ടയം: എല്ലാ കണ്ണുകളും ഇനി പാലായിലേക്ക്. പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അവിടത്തെ ചെറിയ വിശേഷം പോലും ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആരൊക്കെയാകും സ്ഥാനാർഥികൾ എന്നതാണ് ആദ്യത്തെ ചർച്ച. അവരുടെ ജയപരാജയങ്ങൾ സംബന്ധിച്ച ചർച്ചകളും മറ്റും ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ മീനച്ചിലാറിന്റെ തീരത്തെ കാർഷിക ഭൂമികയിൽ രാഷ്ട്രീയ ആരവം ഉയരുകയായി.
തിരക്കിട്ട ചർച്ചകളും യോഗങ്ങളും പ്രകടനങ്ങളുമായി കേരള രാഷ്ട്രീയം പാലായിൽ സംഗമിക്കുന്നു. കുരിശുപള്ളി കവലയിലും സ്റ്റേഡിയം ജംഗ്ഷനിലും പുഴക്കര മൈതാനത്തും ഇനി എന്നും സമ്മേളനങ്ങൾ. കമാനങ്ങളും തോരങ്ങളുമായി പാലാ ഉണരുന്പോൾ ഇനിയുള്ള ദിനങ്ങൾ നിർണായകം.
പാലാ നഗരസഭയും 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന ഭൂപ്രദേശത്ത് കെ.എം. മാണിയുടെ വിയോഗം സൃഷ്ടിച്ച ഒഴിവിലെ തെരഞ്ഞെടുപ്പിന് മുന്നണികളും പാർട്ടികളും കോപ്പുകൂട്ടുകയാണ്. ഇന്നലെ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ കേരള കോണ്ഗ്രസ്-എം സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കാൻ ജോസ് കെ.മാണിയോടും പി.ജെ. ജോസഫിനോടും നിർദേശിച്ചിരിക്കുന്നു.
ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി, മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, കേരള കോണ്ഗ്രസ് എം മുൻ ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം തുടങ്ങിയ പേരുകൾ ജോസ് ക്യാന്പിൽ ഉയരുന്നുണ്ട്. ഇതിനിടയിൽ ജോസ് കെ.മാണി മത്സരിക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
കെ.എം. മാണിയുടെ നിര്യാണത്തിനുശേഷം കേരള കോണ്ഗ്രസ് എമ്മിൽ ഉടലെടുത്ത അധികാര നിയമ തർക്കങ്ങൾ പരിഹരിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും കോണ്ഗ്രസ് നേതൃത്വം ഇരു വിഭാഗങ്ങളോടും നിർദേശിച്ചിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയിലെ മാണി സി കാപ്പനെതിരെ 4703 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെഎം മാണിക്കുണ്ടായിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ തോമസ് ചാഴികാടന് പാലായിൽ ലഭിച്ചത് 33,472 വോട്ടുകളുടെ മേൽക്കൈ. ഇതിനെ മറികടക്കുക എന്നതാണ് എൽഡിഎഫിനുള്ള ദൗത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ മത്സരിച്ച എൻ ഹരിക്ക് 24,821 വോട്ടുകളും ലോക്സഭയിൽ കേരള കോണ്ഗ്രസിലെ പി.സി തോമസിന് 26,533 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ കെഎം മാണി എന്ന അതികായനെ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിൽ സമ്മർദത്തിലാക്കാൻ കഴിഞ്ഞു എന്നതാണ് ഇടതുപാളയത്തിലെ ആത്മവിശ്വാസം. സീറ്റ് എൻസിപിക്ക് ആണെന്ന് സിപിഎം ജില്ലാ നേതൃത്വം തന്നെ ഉറപ്പിക്കുകയും നാലാം തവണയും മാണി സി കാപ്പനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
നാളത്തെ എൽഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും. ഇന്നലെ രാവിലെ സിപിഎം മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപവും സംഘടനാ ചുമതലകളും നൽകി. എൻസിപി പാലാ ബ്ലോക്ക് കമ്മറ്റി മാണി സി. കാപ്പനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വത്തിനു കൈമാറുകയും ചെയ്തു.
ബിജെപിയാകട്ടെ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ച ആത്മ വിശ്വാസത്തിലാണ്. കേരള കോണ്ഗ്രസിലെ പി.സി. തോമസ് മത്സരിക്കാൻ ആഗ്രഹം ഇന്നലെ പ്രകടിപ്പിച്ചു. എൻഡിഎയിലുള്ള ജനപക്ഷം സെക്കുലർ സീറ്റിന് അവകാശവാദമുന്നയിച്ചിട്ടില്ല. എൻഡിഎ യോഗത്തിനു ശേഷമായിരിക്കും സീറ്റ് ആർക്കെന്നതിൽ തീരുമാനമുണ്ടാകുക.
ബിജെപി മത്സരിച്ചാൽ ജില്ലാ പ്രസിഡന്റും കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയുമായ എൻ. ഹരി, കർഷക മോർച്ച നേതാവ് എസ്. ജയസൂര്യൻ, മധ്യമേഖല പ്രസിഡന്റ് എൻ.നാരായണൻ നന്പൂതിരി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടം, രാജേഷ് പല്ലാട്ട് എന്നിവരാണ് പരിഗണനയിലുള്ളത്.